New Posts

വരവായി പരീക്ഷാക്കാലം


പരീക്ഷാക്കാലം




                         വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഇടവപ്പാതിയില്‍ ചിണുങ്ങിപ്പെയ്യുന്ന മഴയില്‍ പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായി സ്‌കൂളിലേക്ക് പുറപ്പെട്ടത് ഇന്നലെ കഴിഞ്ഞപോലെ കൂട്ടുകാര്‍ക്ക് അനുഭവപ്പെടുന്നില്ലേ? പഠിപ്പും കളിയും പരീക്ഷയുമായി പത്തുവര്‍ഷങ്ങള്‍ പിന്നിട്ടു. രൂപത്തിലും ഭാവത്തിലും കൂട്ടുകാര്‍ ഏറെമാറി. 'പത്താം ക്ലാസ്സിലാണെന്ന ബോധം വേണം' എന്ന് വീട്ടില്‍നിന്ന് രക്ഷിതാക്കള്‍ ഓര്‍മിപ്പിക്കുന്നു. 'കുറച്ചുകൂടി ശ്രദ്ധവേണം, എസ്.എസ്.എല്‍.സി.യാണ്' എന്ന് സ്‌കൂളില്‍നിന്ന് അധ്യാപകര്‍ ഓര്‍മിപ്പിക്കുന്നു.
പഠനവും പരീക്ഷയുമെല്ലാം കൂടുതല്‍ ഗൗരവസ്വഭാവം കാണിക്കുന്നു. മെഡിക്കല്‍, എഞ്ചിനിയറിങ്, പി.എസ്.സി., ഗേറ്റ്, ഐ.എ.എസ്. തുടങ്ങി ജീവിതത്തില്‍ കൂട്ടുകാര്‍ നേരിടാനുള്ള പരീക്ഷകള്‍ ഏറെയുണ്ടെങ്കിലും പരീക്ഷകളില്‍ എസ്.എസ്.എല്‍.സി.യാണ് അന്നും ഇന്നും താരം. കൂട്ടുകാര്‍ ആദ്യമെഴുതുന്ന പൊതുപരീക്ഷയാണ് ഇതെന്നതാണ് പ്രധാന പ്രത്യേകത. ഇതുവരെ എഴുതിയ പരീക്ഷകളില്‍നിന്ന് വ്യത്യസ്തമായി ഈ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മറ്റേതോ ജില്ലകളിലെ അധ്യാപകര്‍ പരിശോധിച്ച് സ്‌കോര്‍ നല്കുന്നുവെന്നതാണ് സവിശേഷത. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ പൂര്‍ത്തീകരണത്തോടെ കിട്ടുന്ന സര്‍ട്ടിഫിക്കറ്റിന്റെ ആദ്യഭാഗം ഫോട്ടോപതിഞ്ഞ് വ്യക്തിഗത വിവരങ്ങളോടെ പൂര്‍ത്തിയായി. 10 വിഷയങ്ങളുടെ സ്‌കോറിനായി രണ്ടാംഭാഗം കാത്തിരിക്കുന്നു.
ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി ലഭിക്കുന്ന CE  മാര്‍ക്കുകള്‍ സ്‌കൂളുകളില്‍നിന്നും ഉടന്‍ രേഖപ്പെടുത്തും. ഇനിയുള്ളത് പൊതുപരീക്ഷയില്‍ നേടുന്ന സ്‌കോറുകള്‍ മാത്രം രേഖപ്പെടുത്തലാണ്. പരീക്ഷയുടെ അവസാന തയ്യാറെടുപ്പുകള്‍ക്കായി മോഡല്‍ പരീക്ഷയും നടന്നു. ഓരോ വിഷയത്തിലെയും ഇനിയുള്ള തയ്യാറെടുപ്പുകള്‍ മോഡല്‍ പരീക്ഷയുടെ സ്‌കോറുകള്‍കൂടി പരിഗണിച്ചാവണം. ഇനിയുള്ള നാളുകള്‍ കഠിനാധ്വാനത്തിന്റേതായിരിക്കട്ടെ.
കണ്ടും കേട്ടും വായിച്ചും ചര്‍ച്ച ചെയ്തും മനസ്സിലാക്കിയ കാര്യങ്ങള്‍ ഒന്നൊതുക്കി ചേര്‍ത്തുവെച്ച് പരീക്ഷാഹാളിലേക്ക് പുറപ്പെടാം. പരീക്ഷയ്‌ക്കൊരുങ്ങാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അടുത്ത ലക്കം മുതല്‍, ഓരോ വിഷയവുമായി ബന്ധപ്പെട്ട് നടത്തേണ്ട തയ്യാറെടുപ്പുകള്‍, മറ്റ് സഹായകവിവരങ്ങള്‍ എന്നിവ വായിക്കാം. ഓരോ ലക്കവും ശ്രദ്ധയോടെ വായിച്ച്, സ്വയം വിലയിരുത്തി കൂട്ടുകാര്‍ക്ക് ആവശ്യമായവ സ്വീകരിക്കുമല്ലോ. പത്തുവര്‍ഷത്തെ സ്‌കൂള്‍ പഠനത്തിന്റെ സാക്ഷ്യപത്രമാണ് എസ്.എസ്.എല്‍.സി. അതുകൊണ്ടുതന്നെ പഠനത്തില്‍ ഒട്ടും അലംഭാവം കാണരുത്. നന്നായി ശ്രമിച്ച് നന്നായി പരീക്ഷയെഴുതുക. എല്ലാ കൂട്ടുകാര്‍ക്കും 'വിദ്യ'യുടെ വിജയാശംസകള്‍.

പാഠം 1
ആത്മവിശ്വാസം

പരീക്ഷാവിജയത്തില്‍ മാത്രമല്ല, ജീവിതത്തിലെ എല്ലാ ചുവടുവെപ്പുകളിലും ആത്മവിശ്വാസം പ്രധാന ഘടകമാണ്. മറവി, മോശമായ കൈയക്ഷരം, വീട്ടിലെ ദരിദ്രമായ ചുറ്റുപാടുകള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി നമ്മെ തളര്‍ത്തുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടാവും. ലക്ഷക്കണക്കിന് കുട്ടികള്‍ എഴുതുന്ന പൊതുപരീക്ഷയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഏറെയാണ്. ശാരീരിക, മാനസിക പ്രശ്‌നങ്ങളെ അതിജീവിച്ച് ഉന്നതവിജയം നേടിയവരും നിരവധിയാണ്. അതുകൊണ്ടുതന്നെ പരിമിതികള്‍ തത്കാലം മറക്കാം. ഓരോ കുട്ടിയുടെയും പഠനരീതിയും പഠനപുരോഗതിയും പഠനനേട്ടവും വ്യത്യസ്തമായിരിക്കും. മറ്റ് കൂട്ടുകാരുമായി സ്വയം താരതമ്യം ചെയ്ത് അനാരോഗ്യകരമായ മത്സരത്തിന് മനസ്സിനെ വിട്ടുകൊടുക്കരുത്. സ്വന്തം കഴിവുകള്‍ കഠിനാധ്വാനത്തിലൂടെ മെച്ചപ്പെടുത്തി മികച്ച നേട്ടങ്ങള്‍ കൈവരിക്കുകയാണ് വേണ്ടത്. ഓരോ വിഷയത്തിലും താഴ്ന്ന ഗ്രേഡുകളാണ് ഇപ്പോള്‍ നേടിയതെങ്കിലും അതില്‍നിന്ന് രണ്ടോ മൂന്നോ ഗ്രേഡുകള്‍ മുകളിലേക്ക് ഉയര്‍ത്തുക എന്നതാവണം ലക്ഷ്യം. പഠനത്തിനായി നിശ്ചിത സമയം ചെലവഴിക്കുന്നുണ്ടോ? പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും കഴിയുന്നുണ്ടോ? പ്രയാസമുള്ള പാഠഭാഗങ്ങളില്‍ കൂട്ടുകാരുടെയും അധ്യാപകരുടെയും സഹായം തേടിയിട്ടുണ്ടോ?- തുടങ്ങി സ്വയം വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നേറിയാല്‍ ആത്മവിശ്വാസം കൈപ്പിടിയിലായി.

പാഠം 2
ഏകാഗ്രത

ശ്രദ്ധയും ഏകാഗ്രതയും പഠനത്തില്‍ പ്രധാനമാണ്. ശ്രദ്ധയുടെ സ്ഥായീഭാവമാണ് ഏകാഗ്രത എന്നുപറയാം. ശാന്തമായ അന്തരീക്ഷമാണ് പഠനത്തിന് ഏറ്റവും അനുയോജ്യം. ഏകാഗ്രതയ്ക്കുവേണ്ടതും ഇതുതന്നെ. പക്ഷേ, എല്ലാവര്‍ക്കും എപ്പോഴും നല്ല പഠനാന്തരീക്ഷം കിട്ടുക എളുപ്പമല്ല. എങ്കിലും ഏകാഗ്രതയെ തടയുന്ന ചില ഘടകങ്ങള്‍ സ്വയം ഒഴിവാക്കാന്‍ കൂട്ടുകാര്‍ക്കു കഴിയും.
അനാവശ്യചിന്തകള്‍: കടിഞ്ഞാണില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന മനസ്സിനെ പിടിച്ചു നിര്‍ത്തുകയാണ് വേണ്ടത്. ലക്ഷ്യബോധത്തോടെ, താത്പര്യത്തോടെ പഠനത്തിനിരുന്നാല്‍ മനസ്സില്‍നിന്നും ഇത്തരം ചിന്തകള്‍ ഒഴിഞ്ഞുപോകും.
റേഡിയോ, ടി.വി., കമ്പ്യൂട്ടര്‍, മൊബൈല്‍ തുടങ്ങി പഠനത്തില്‍ മനസ്സിനെ വഴി തെറ്റിക്കുന്ന ഘടകങ്ങള്‍ ഏറെയാണ്. പഠനസമയത്ത് ഇവയില്‍നിന്നും അകന്നു നില്ക്കാന്‍ സ്വയം ശ്രദ്ധിക്കുക.
വിഷയങ്ങള്‍ മാറിമാറി പഠിക്കുന്നതും പഠനത്തിന് വ്യത്യസ്ത രീതികള്‍ (വായന, എഴുത്ത്, ചര്‍ച്ച, നിരീക്ഷണം, സംശയനിവാരണം) സ്വീകരിക്കുന്നതും ഏകാഗ്രതയ്ക്ക് സഹായകമാവും.
പത്രം, റേഡിയോ, ടി.വി. തുടങ്ങി വിവിധ മാധ്യമങ്ങളില്‍ വരുന്ന പരീക്ഷാ പരിശീലനങ്ങളില്‍നിന്നും ആവശ്യമായവ കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതും പഠനത്തില്‍ ഏകാഗ്രത നല്കും.
ഇടവിട്ടുള്ള പഠനം, ആരോഗ്യകരമായ ഭക്ഷണരീതി, കുടുംബാന്തരീക്ഷം, കൂട്ടുകാരുമായുള്ള ചങ്ങാത്തം തുടങ്ങിയവയെല്ലാം ഏകാഗ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പഠനത്തിന് സഹായകമായ രീതിയില്‍ ഇവയെ മാറ്റിയെടുക്കാന്‍ ശ്രമിക്കുമല്ലോ.
താത്പര്യത്തോടെ, ആവര്‍ത്തിച്ചു പഠിക്കുന്നതാണ് മറവിയുടെ പ്രധാന മരുന്ന്. പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് എഴുതി നോക്കണം. ആശയങ്ങള്‍ സ്വയം പറഞ്ഞുനോക്കി ക്രമപ്പെടുത്താം. കൂട്ടുകാര്‍ പത്തക്ക മൊബൈല്‍ നമ്പറുകള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ചിലര്‍ രണ്ടക്കങ്ങളായി അവ ചേര്‍ക്കുമ്പോള്‍ മറ്റുചിലര്‍ മൂന്നക്കങ്ങളുടെ ചേര്‍ച്ചയിലായിരിക്കും ഓര്‍ക്കുക. ഓര്‍മസൂത്രങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. എങ്കിലും ഒരു കണ്ണിചേര്‍ക്കല്‍ ഉണ്ടാവും. പലപ്പോഴും ഓര്‍മയിലെത്തുന്ന നമ്പറുകള്‍ ഒരു ശ്രമവും കൂടാതെ എളുപ്പത്തില്‍ പറയാനും കഴിയും.
സോഷ്യല്‍സയന്‍സിലെ ടൈംലൈനും, നദികള്‍, പര്‍വതങ്ങള്‍ എന്നിവയും പരസ്പരം ബന്ധപ്പെടുത്തി പഠിക്കാന്‍ ശ്രമിച്ചോളൂ. ആശയങ്ങളെ ക്രമത്തില്‍ ബന്ധിപ്പിച്ച് ആശയച്ചങ്ങലകളാക്കി പഠിച്ചാല്‍ മറവി പടിക്കു പുറത്താവും. ഗ്രാഫുകള്‍, ചാര്‍ട്ടുകള്‍, പട്ടികകള്‍, ചുരുക്കെഴുത്തുകള്‍ തുടങ്ങിയവ എഴുതി പഠിക്കണം. സ്‌കെച്ച് പേന കൊണ്ട് അല്പം വലുതായി പെട്ടെന്ന് കാണുന്നിടത്ത് ഒട്ടിച്ചുവെച്ചാല്‍ പലതവണയുള്ള കാഴ്ചയിലൂടെ അവ മനസ്സില്‍ കയറി നില്ക്കും. കണക്കിലെ നിര്‍മിതികളും ജീവശാസ്ത്രത്തിലെ ചിത്രങ്ങളും വരച്ചുതന്നെ പഠിക്കണം.
പടിപടിയായി ചെയ്യേണ്ട ഗണിതക്രിയകള്‍ അങ്ങനെതന്നെ ചെയ്ത് പഠിക്കണം. അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സ്വന്തം മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനാവണം കൂട്ടുകാരുടെ ശ്രമം. തലച്ചോറിനെ ഓര്‍മിപ്പിക്കാന്‍ ശീലിപ്പിക്കുകയാണ് വേണ്ടത്. കൂട്ടുകാര്‍ ചിട്ടയായി ശ്രമിക്കുമ്പോള്‍ പരീക്ഷകള്‍ ഏതായാലും പ്രശ്‌നമില്ലെന്ന മട്ടില്‍ സ്വന്തം തലച്ചോര്‍ പാകപ്പെടും.

പാഠം 3
മറവിക്കൊരു മരുന്ന്

മറവി ഒരു അനുഗ്രഹമാണെന്ന് ചിലര്‍ പറയാറുണ്ട്. മറക്കാനുള്ള കഴിവാണ് പലപ്പോഴും പല ദുരിതജീവിതങ്ങളെയും മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ പഠനകാലത്തെ മറവി ഇതില്‍നിന്ന് വ്യത്യസ്തമാണ്. പഠിച്ചതൊന്നും മനസ്സില്‍ നില്ക്കുന്നില്ലെന്നത് ചില കൂട്ടുകാരുടെ പതിവുപല്ലവിയാണ്. പഠിക്കേണ്ടവിധം പഠിക്കാത്തതാണ് ഇതിന്റെ പ്രധാനകാരണം. നമുക്കു താത്പര്യമില്ലാത്ത കാര്യങ്ങളാണ് നാം വേഗത്തില്‍ മറക്കുന്നത്: താത്പര്യമില്ലാത്ത പഠനവിഷയങ്ങള്‍ കൂട്ടുകാര്‍ വേഗം മറക്കുന്നു. സ്വയം തോന്നി തനിക്കുവേണ്ടിയാവണം പഠനം. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മാത്രമായുള്ള പഠനം നല്ല ശീലമല്ല. സ്വന്തം ഇഷ്ടത്തോടെ രസിച്ചുപഠിക്കണം. കൂടുതല്‍ അറിയാനുള്ള ആഗ്രഹത്തോടെ പഠിക്കണം. നാളത്തെ വലിയലക്ഷ്യങ്ങളിലേക്കുള്ള ചുവടുവെപ്പായി പഠനത്തെ കാണണം. എല്ലാ പാഠഭാഗങ്ങളും രസകരമാവണമെന്നില്ല. വിരസമായവയും അല്പമൊന്നു മിനുക്കിയെടുത്താല്‍ ആസ്വദിച്ചു പഠിക്കാം.
പുതിയ ഓരോ കാര്യം പഠിക്കുമ്പോഴും അതിലേക്കു നയിക്കുന്ന ചില മുന്നറിവുകള്‍ ഉണ്ടാവും. അവ പലപ്പോഴും താഴ്ന്ന ക്ലാസുകളില്‍ പഠിച്ചതുമായിരിക്കും. ഇത് മനസ്സിലാവാത്ത കൂട്ടുകാര്‍ക്ക് ഉണ്ടാവുന്ന ചെറിയ വിടവുകളാണ് പഠനത്തില്‍ പലപ്പോഴും പ്രയാസമുണ്ടാക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂട്ടുകാരുടെയും അധ്യാപകരുടെയും സഹായം തേടണം. ചില വാക്കുകള്‍, വാക്യങ്ങള്‍, ആശയങ്ങള്‍, സൂത്രവാക്യങ്ങള്‍, ചുരുക്കപ്പേരുകള്‍ എന്നിവ പഠനത്തില്‍ വിടവുകളുണ്ടാക്കും. ഇവ വെറുതെ വായിച്ചുതള്ളിയതുകൊണ്ടു കാര്യമില്ല. കുറച്ചുഭാഗം വായിച്ച് മുന്നേറിയാല്‍ പുസ്തകം അടച്ച് വായിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാം. അവ മനസ്സില്‍ കോറിയിടണം. ഓര്‍ത്തെടുക്കാന്‍ പ്രയാസമായവ ആവര്‍ത്തിച്ച് വായിച്ചാല്‍ മനസ്സില്‍ ഉറപ്പിക്കാന്‍ കഴിയും.

പാഠം 4
എഴുത്തിലെ മിടുക്ക്

എഴുത്തുപരീക്ഷയെ ചില കുട്ടികള്‍ ഭയക്കുന്നു. മനസ്സിലെ ആശയങ്ങളെ വേണ്ടവിധം എഴുതി പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് പരാതി. ശ്രദ്ധയോടെ പരിശീലിച്ചാല്‍ ഇത് മറികടക്കാന്‍ എളുപ്പം കഴിയും. ചോദ്യങ്ങള്‍ വായിച്ച് മനസ്സിലാക്കുകയെന്നതാണ് പ്രധാനം. ചോദ്യവായനയിലൂടെ ഓരോ ചോദ്യവും ആവശ്യപ്പെടുന്ന അറിവുകള്‍ ഏതെല്ലാമെന്ന് കണ്ടെത്താം. ചെറുകഥയില്‍ നിന്നു സവിശേഷസന്ദര്‍ഭത്തെ വിലയിരുത്താനുള്ള ചോദ്യത്തിന് കഥ മുഴുവന്‍ പകര്‍ത്തിവെച്ചാല്‍ ഉത്തരമാവില്ല. ചോദ്യത്തിലെ സൂക്ഷ്മാംശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയണം. അറിയാവുന്ന കാര്യങ്ങള്‍ ഉത്തരത്തിന് യോജിച്ച രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ആശയങ്ങള്‍ മനസ്സില്‍ അടുക്കിവെച്ച് ഉചിതമായഭാഷയില്‍ ഉത്തരക്കടലാസിലേക്ക് പകര്‍ത്തണം. കൃത്യമായ ഉത്തരം തനിക്ക് നല്കാന്‍ കഴിയും എന്ന് ഉത്തരക്കടലാസ് പരിശോധകനെ ബോധ്യപ്പെടുത്താനുള്ള മിടുക്കാണ് വേണ്ടത്. ഓരോ ചോദ്യത്തിന്റെയും സ്‌കോറിന് അനുസരിച്ച് ആവശ്യമായ അളവില്‍ ഉത്തരമെഴുതണം. ഉത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മികവാണ് പ്രധാനം. ഭാഷാപ്രയോഗം ലളിതവും വ്യക്തവുമായിരിക്കണം. ലഘുവാക്യങ്ങളില്‍ എഴുതിയാല്‍ കൂടുതല്‍ ആകര്‍ഷകമാവും. കൈയക്ഷരത്തിന്റെ ഭംഗിയില്‍ മാത്രം തൃപ്തരാവരുത്. വാക്കുകള്‍ തമ്മിലുള്ള അകലം, ഉചിതമായ ചിഹ്നങ്ങള്‍, ഖണ്ഡികയാക്കല്‍, ഓരോ ഉത്തരവും തമ്മിലുള്ള അകലം, മാര്‍ജിന്‍ തുടങ്ങിയവയെല്ലാം പ്രധാനമാണ്. താരതമ്യം, വിശകലനം, വിലയിരുത്തല്‍, പ്രതികരണം തുടങ്ങിയ വ്യത്യസ്ത ചോദ്യങ്ങളുടെ ഉത്തരമെഴുത്തുരീതി വ്യത്യസ്തമായിരിക്കും.
മോഡല്‍ പരീക്ഷയ്ക്കുശേഷം ഉത്തരങ്ങള്‍ സ്വയം വിലയിരുത്തുക. അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ കൂടുതല്‍ മെച്ചപ്പെടുത്തുക. മികച്ച ഉത്തരമാതൃകകള്‍ കൂട്ടുകാരില്‍നിന്നും അധ്യാപകരില്‍നിന്നും ശേഖരിച്ച് ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലും വരുത്തി ആത്മവിശ്വാസത്തോടെ തയ്യാറാവുക.

പാഠം 5
സമയക്രമീകരണം

എല്ലാവര്‍ക്കുമുന്നിലും സമയം ഒരുപോലെയാണ്. നമുക്കു പ്രയോജനപ്പെടുന്ന രീതിയില്‍ സമയം ക്രമീകരിക്കുകയാണ് പ്രധാനം. സ്വന്തമായി ഒരു പഠനസമയം നിശ്ചയിച്ച് പഠിക്കാനൊരുങ്ങുക. അവസാന പരീക്ഷ മുതല്‍ ഇന്നുവരെയുള്ള ദിവസത്തില്‍ സ്വയംപഠനത്തിന് കിട്ടുന്ന സമയം കണക്കാക്കുക. പഠിക്കാനുള്ള വിഷയങ്ങളില്‍ എളുപ്പം, പ്രയാസം എന്നിങ്ങനെ വേര്‍തിരിച്ചുവേണം സമയം ചിട്ടപ്പെടുത്തേണ്ടത്. പഠിക്കാന്‍ പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നീട്ടിവെക്കണം. അതിരാവിലെയുള്ള സമയം പരമാവധി പ്രയോജനപ്പെടുത്താനും രാത്രി ഏറെ വൈകിയുള്ള പഠനം ഒഴിവാക്കാനും ശ്രദ്ധിക്കുന്നത് നല്ല രീതിയാണ്. യാന്ത്രികമായതും തുടര്‍ച്ചയായതുമായ പഠനം ഒഴിവാക്കാം. ഇടവേളകള്‍ നല്കി പഠിക്കുക. ആവശ്യത്തിന് ഉറക്കം, വിശ്രമം, ടി.വി. കാണല്‍ തുടങ്ങിയവ ഉറപ്പുവരുത്തിയാവണം സമയക്രമീകരണം. വായന, എഴുത്ത്, ചോദ്യോത്തര പരിശീലനം, ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുത്ത് എഴുതല്‍, ചിത്രം വര, പട്ടിക തയ്യാറാക്കല്‍, നിര്‍മിതി, ഗ്രാഫ്, ഭൂപടപരിചയം തുടങ്ങിയവയ്ക്ക് പ്രത്യേക സമയം നീക്കിവെക്കണം. സ്‌കോറിനനുസരിച്ച് സമയം ക്രമീകരിച്ച് ഉത്തരമെഴുതാനുള്ള പരിശീലനം, കൂള്‍ ഓഫ് ടൈം പരമാവധി പ്രയോജനപ്പെടുത്താന്‍ മാതൃകാചോദ്യങ്ങളുടെ പരിചയപ്പെടല്‍ തുടങ്ങിയവയും സമയക്രമീകരണത്തില്‍ ഉള്‍പ്പെടുത്താം. കൂള്‍ ഓഫ് ടൈം പ്രയോജനപ്പെടുത്തല്‍, പരീക്ഷ എഴുത്ത്, പരീക്ഷയുടെ അവസാന അഞ്ചുമിനുട്ട് തയ്യാറെടുപ്പ് തുടങ്ങിയവയും സ്വയം പരിശീലിക്കാന്‍ ശ്രദ്ധിക്കുമല്ലോ.


 എം. രഘുനാഥ് ,  കടപ്പാട് : മാതൃഭൂമി 

Read also

Comments