New Posts

രക്ഷിതാക്കൾ ജാഗ്രത പാലിക്കുക, അദ്ധ്യാപകർ ലക്ഷ്മണ രേഖയ്ക്കുള്ളിലാണ് !


അദ്ധ്യാപകർ ലക്ഷ്മണ രേഖയ്ക്കുള്ളിലാണ് !




                               ഏതാനും ആഴ്ചകൾക്കുമുമ്പ് രക്ഷിതാക്കൾ ജാഗ്രത പാലിക്കുക' എന്ന തലക്കെട്ടോടെ അസാധാരണമായൊരു സന്ദേശം വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയുണ്ടായി. സന്ദേശത്തിന്റെ പ്രസക്തഭാഗം ഇതായിരുന്നു.
മാർച്ച് 26ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെയും 27ന് വി.എച്ച്.എസ്.ഇ വിദ്യാർത്ഥികളുടെയും 28ന് ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളുടെയും പരീക്ഷകൾ അവസാനിക്കുകയാണ്. ഇൗ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ അദ്ധ്യയന വർഷാവസാന ആഘോഷങ്ങൾ പരിധി വിടാതിരിക്കാനും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാനും സ്കൂളുകളും പരിസരവും കേന്ദ്രീകരിച്ച് പൊലീസ് രംഗത്തുണ്ടാകുമെന്നാണ് കിട്ടിയ വിവരം. സ്കൂളുകളുടെ മുന്നിൽ അതത് പൊലീസ് ഒാഫീസർമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ പി.ടി.എയുടെയും ജാഗ്രതാസമിതിയുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മുൻകരുതലുകളുമായി കർശന നിരീക്ഷണത്തോടെ പൊലീസ് രംഗത്തുണ്ടാകും. അന്നേദിവസം രക്ഷിതാക്കൾ വിദ്യാലയത്തിൽ നേരിട്ട് വന്ന് അവരവരുടെ മക്കളെ വീടുകളിലേക്ക് കൊണ്ടുപോകണം....
ഉറവിടം അറിയില്ലെങ്കിലും കേരളത്തിന് പരിചിതമല്ലാത്ത, ആശങ്കയുണർത്തുന്ന സന്ദേശം അപകടകരമായൊരു സന്ദേശ'മാണ് പങ്കുവയ്ക്കുന്നത്. അതിനാൽത്തന്നെ അത് കൂടുതൽ ഗഹനമായ ചിന്തയും ചർച്ചയും ആവശ്യപ്പെടുന്നുമുണ്ട്.
സന്ദേശത്തിൽ പരാമർശിക്കുന്നതുപോലെ പൊലീസും ജാഗ്രതാ സമിതിയുമൊക്കെ സ്കൂൾ പരിസരത്തെ അച്ചടക്കം ഉറപ്പാക്കാൻ തുടങ്ങിയത് എന്നുമുതൽക്കാണ്? വിരലിൽ എണ്ണാവുന്ന വർഷങ്ങളെ ആകാനിടയുള്ളൂ. മുമ്പൊക്കെ സ്കൂളിലേയും പരിസരങ്ങളിലേക്കും നിയന്ത്രണവും അച്ചടക്ക സ്ഥാപനവുമെല്ലാം അദ്ധ്യാപകരിലായിരുന്നു നിക്ഷിപ്തമായിരുന്നത്. അവരത് ഭംഗിയായി നിർവഹിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ അദ്ധ്യാപകർ ഇന്നെവിടെ പോയി? അവർ ചെയ്തിരുന്ന ജോലി ഇപ്പോൾ പൊലീസ് ചെയ്യേണ്ടിവന്നതെങ്ങനെ?
മാതാപിതാ ഗുരു ദൈവം' എന്ന് ഉരുവിട്ട് പഠിച്ച് ഗുരുവിനെ ദൈവതുല്യമായി കണ്ടിരുന്ന തലമുറകൾ കേരളത്തിൽ ഉണ്ടായിരുന്നു. ഗുരുവിന് പെരുവിരൽ മുറിച്ച് കൊടുത്ത ഏകലവ്യന്റെ കഥയോളം വരില്ലെങ്കിലും തീവ്രമായൊരു ഗുരുശിഷ്യബന്ധം അടുത്തകാലം വരെയെങ്കിലും നമുക്കിടയിൽ ഉണ്ടായിരുന്നു. ആ ഗുരുക്കന്മാർ അക്ഷരങ്ങൾ മാത്രമല്ല, അച്ചടക്കവും പഠിപ്പിച്ചിരുന്നു. അവരുടെ കൈകളിലെ ചൂരൽക്കമ്പുകൾ ഉയർന്നുവീശിയിരുന്നത് സദ്ദുദേശത്തോടെ മാത്രമായിരുന്നു. മധുരമുള്ള ആ ചൂരൽക്കഷായത്തിൽ സ്നേഹമൊളിപ്പിച്ച അദ്ധ്യാപകരുടെ മുഖം ഇന്നുമോർമ്മിക്കാത്ത രക്ഷിതാക്കൾ നമുക്കിടയിൽ അധികമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അദ്ധ്യാപകൻ ശിക്ഷിച്ചതുകൊണ്ട് മാത്രം ഭാവി ഇരുളടഞ്ഞുപോയവരോ ആത്മഹത്യ ചെയ്തവരോ ചുരുങ്ങിയ പക്ഷം കഴിഞ്ഞ തലമുറവരെയെങ്കിലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
എന്നാലിന്ന് കാലം മാറി. ഗുരു ദൈവമല്ലെന്നും പഠിപ്പിക്കാൻ വരുന്ന കൂലിക്കാരൻ മാത്രമാണെന്ന ചിന്തകളുണ്ടായി. പഠിപ്പിച്ചാൽ മതി, ശിക്ഷിക്കേണ്ട എന്ന വ്യാഖ്യാനങ്ങളുണ്ടായി. ചൂരൽ (അത് നിർബന്ധമാണെന്ന അഭിപ്രായം ലേഖകനില്ല) കുട്ടിയുടെ മാനസികനില തകർക്കുന്ന പീഡനോപകരണമാകയാൽ ക്ളാസ് മുറികളിൽ നിന്നും പുറത്തേക്ക് എറിയപ്പെട്ടു. അദ്ധ്യാപകൻ വഴക്കുപറഞ്ഞാൽ, മാർക്ക് കുറച്ചിട്ടാൽ, അച്ചടക്ക നടപടികൾ സ്വീകരിച്ചാൽ തിരിച്ച് പാഠം' പഠിപ്പിക്കുവാനുള്ള ആർജ്ജവം കൈമുതലാക്കി ഇന്ന് നമ്മുടെ വിദ്യാർത്ഥിസമൂഹം. മക്കളെ അതിരറ്റ് സ്നേഹിക്കുന്ന രക്ഷിതാക്കളുടെ പിന്തുണകൂടി ആയപ്പോൾ അതവർക്ക് പുത്തനുണർവായി. ഒപ്പം കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സദാ ജാഗ്രത പാലിക്കുന്ന കമ്മിഷനുകളുംകൂടി സജീവമായതോടെ അദ്ധ്യാപകർ ഇൗ സമൂഹം മുള്ളുവേലികൊണ്ട് കെട്ടിയ ലക്ഷ്മണരേഖയ്ക്കുള്ളിൽ വീർപ്പുമുട്ടിത്തുടങ്ങി.
ഫലമോ...? അദ്ധ്യാപകർക്ക് അച്ചടക്ക നടപടികൾ സ്വീകരിക്കാനോ, കുട്ടികളെ ഉപദേശിക്കാൻ പോലുമോ ഭയമാണിന്ന്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മാദ്ധ്യമങ്ങളെയും നിയമങ്ങളെയും ഭയന്ന് പാഠപുസ്തകം പഠിപ്പിക്കുക എന്നതിൽ മാത്രമായി അവർ ഒതുങ്ങി. കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ഇതര കാര്യങ്ങളിൽ ഇടപെടാൻ മടിക്കുന്ന അദ്ധ്യാപകരുടെ എണ്ണം നാൾക്കുനാൾ ഏറിവരുന്നു എന്നത് ആരുമറിയാതെ പോകുന്നു-വിദ്യാഭ്യാസവകുപ്പ് പോലും.
ഇത് പറയുമ്പോഴും അദ്ധ്യാപകർ നൂറ് ശതമാനവും ആ കുലീനമായ ജോലിയോട് നീതി പുലർത്തുന്നവരാണെന്ന അഭിപ്രായമില്ല. പരിശുദ്ധമായ അദ്ധ്യാപകവൃത്തിയിൽ കളങ്കം ചാർത്തുന്നവരും മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ മാനസിക വ്യാപാരങ്ങളറിയാതെ അവരെ തെറ്റായ കണ്ണിലൂടെ കാണുന്നവരും ചെറിയാെരു ശതമാനമെങ്കിലും ഇവിടെ ഉണ്ടാകുന്നുണ്ട്. വിദ്യാർത്ഥികളേക്കാളുപരി, കൗൺസിലിംഗും നേരായ വിദ്യാഭ്യാസവും ആവശ്യമായ അത്തരം അദ്ധ്യാപകരുള്ള കേരള സമൂഹത്തിൽ ബാലാവകാശങ്ങൾ സംരക്ഷിക്കുക എന്ന ധർമ്മം സമയോചിതമായും ഭംഗിയായും നിർവഹിക്കാനാകുന്നു എന്നതും കേരളത്തിന്റെ വിദ്യാഭ്യാസ പ്രബുദ്ധത തന്നെ. എന്നാൽ ഒരു ന്യൂനപക്ഷം തീർക്കുന്ന കളങ്കിത പ്രതിരോധത്തിന്റെ നിഴലിൽ, മുഴുവൻ അദ്ധ്യാപകരുടെയും ആത്മവിശ്വാസം തകർക്കപ്പെടുമ്പോഴാണ് ആശാവഹമല്ലാത്ത ചോദ്യങ്ങൾ ഉയരുന്നത്.


കേരളത്തിലെ സ്കൂളുകളിൽ അദ്ധ്യാപകർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും നിസഹായാവസ്ഥയും എത്രമാത്രമെന്ന് അടിയന്തരമായി പഠനവിധേയമാക്കേണ്ടതുണ്ട്. എന്തുവേണമെങ്കിലും ആയിക്കോട്ടെ' എന്ന് സമൂഹം നിർബന്ധിച്ച് ഏൽപ്പിച്ച അദ്ധ്യാപക മനോഭാവത്തിന് മുന്നിലൂടെയാണ് ലഹരിവസ്തുക്കൾ ഒഴുകുന്നത്. സ്മാർട്ട് ഫോണുകളും സൈബർ കുറ്റകൃത്യങ്ങളും പെരുകുന്നത്, ആത്മഹത്യാകുറിപ്പുകളുടെ എണ്ണം വർദ്ധിക്കുന്നത്, എന്തിന്, കുട്ടിക്കുറ്റവാളികൾ ഉണ്ടാകുന്നത്. ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട കൗമാരപ്രായത്തിലെ കുട്ടികളെ ശ്രദ്ധിക്കേണ്ടവിധം ശ്രദ്ധിക്കാതിരുന്നാൽ നിയന്ത്രിക്കാതിരുന്നാൽ ആവശ്യമെങ്കിൽ ശിക്ഷിക്കാതിരുന്നാൽ , അതിനെയോർത്ത് വരുംനാളുകളിൽ കേരളസമൂഹം ദുഃഖിക്കേണ്ടിവരും...
മറക്കരുത്, സ്കൂൾ പരിസരത്തെ അച്ചടക്കസ്ഥാപനത്തിൽനിന്നും അദ്ധ്യാപകർ പിന്മാറിയപ്പോഴാണ് സ്കൂൾ പരിസരങ്ങൾ പൊലീസും ജാഗ്രതാസമിതിയും ഏറ്റെടുക്കേണ്ടിവന്നത് എന്ന് ബാലാവകാശങ്ങളുടെ ഉൗതിവീർപ്പിച്ച മറപറ്റിയാണിന്ന് രക്ഷിതാക്കൾ ജാഗ്രതാസമിതിക്ക് മുന്നിലൂടെ കുട്ടികളെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുപോകുന്നത്. ഇവിടെ, സന്ദേശങ്ങൾ അയച്ച് പൊലീസിനെ അണിനിരത്തി ജാഗ്രത പാലിക്കുമ്പോൾ തോറ്റുപോകുന്നത് ആരാണ്? അനങ്ങാൻ സമ്മതിക്കാതെ കേരള സമൂഹം വലയത്തിലാക്കിയ അദ്ധ്യാപകരല്ല, മറിച്ച് നമ്മുടെ വിദ്യാർത്ഥികളും രക്ഷിതാക്കൾ തന്നെയും ആണ്. അവകാശങ്ങളും സ്വാതന്ത്ര്യവും മാത്രം നേടിയാൽ പോരാ, സ്വയം നിയന്ത്രിക്കാനും അദ്ധ്യാപകരാൽ നിയന്ത്രിക്കപ്പെടാനുമുള്ള മാനസികാവസ്ഥയും വിധേയത്വവും കൂടി അവർ പഠിക്കണം- സ്കൂളിൽ നിന്നും രക്ഷിതാക്കളിൽനിന്നും. അവിടെ മാത്രമേ, നമ്മുടെ വിദ്യാഭ്യാസം സമഗ്രത കൈവരിക്കുകയുള്ളൂ. ഇന്നതിന് കഴിയുന്നില്ലെങ്കിൽ നാളെ, അരക്ഷിതാവസ്ഥയിൽ പൊലീസ് വലയത്തിൽ സ്കൂളുകളിലേക്ക് പോകാൻ അവർ നിർബന്ധിതരാക്കപ്പെടും. രക്ഷിതാക്കൾ ജാഗ്രതൈ....!




ഡോ. ജോമോൻ മാത്യു
അസിസ്റ്റന്റ് പ്രൊഫസർ
സാമ്പത്തിക ശാസ്ത്രവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്,
തിരുവനന്തപുരം.



കടപ്പാട് : കേരള കൗമുദി 






Read also

Comments