Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, July 02, 2017

അക്ഷരങ്ങളുടെ സുൽത്താൻ, മ്മടെ വൈക്കം മുഹമ്മദ്‌ ബഷീർ


വൈക്കം മുഹമ്മദ്‌ ബഷീർജനനം : 19 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം
മരണം : 5 ജൂലൈ 1994 ബേപ്പൂര്‍, കോഴിക്കോട്
ഭാര്യ : ഫാബി ബഷീര്‍
അപരനാമം : ബേപ്പൂര്‍ സുല്‍ത്താന്‍


ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ്‌ ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൌലികപ്രതിഭക്ക് അക്ഷരങ്ങളുടെ സുൽത്താൻ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക? ഇനിയൊന്നും വർണിക്കാൻ അവശേഷിപ്പിക്കാതെ വൈക്കം മുഹമ്മദ്‌ ബഷീർ എന്ന അക്ഷരങ്ങളുടെ സുൽത്താനെ കുറിച്ച് മലയാളസഹിത്യലോകവും, മാലോകരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു . എന്നിട്ടും എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാത്ഭുതമായി ആ കഥാകാരനും ,കഥകളും നിലകൊള്ളുന്നു എന്നതാണ് അദേഹത്തിന്റെ വൈശിഷ്ട്യം .

വൈക്കം മുഹമ്മദ്‌ ബഷീർ എന്ന് പേരിന്റെ ഉത്ഭവത്തെ കുറിച്ച് അദേഹം പറയുന്നതിങ്ങനെ. ” വൈക്കം മുഹമ്മദ്‌ ബഷീർ എന്ന ഞാൻ തലയോല പറമ്പിലാണ് ജനിച്ചത്‌. തലയോലപറമ്പുകാരനായ ഞാൻ ഒരാളെ രക്ഷിക്കാൻ വേണ്ടിയാണ് വൈക്കം മുഹമ്മദ്‌ ബഷീറായത് സർ സി പി ക്കെതിരെ തിരുവിതാംകൂറിൽ ജോറായി സമരം നടക്കുന്ന കാലം. ഞാൻ സചിവോത്ത മനെ വിമർശിച്ചും പരിഹസിച്ചും ലേഖനങ്ങളും നാടകങ്ങളും എഴുതി. ഇതൊക്കെ എഴുതുന്ന മുഹമ്മദ്‌ ബഷീറിനെ തേടി പോലീസ് നടന്നു. അവർക്ക് പറവൂർകാരൻ മുഹമ്മദ്‌ ബഷീറിനെ ആയിരുന്നു സംശയം . ആ സാധു മനുഷ്യനെ രക്ഷിക്കാൻ പേര് ഒന്നുകൂടി വ്യക്തമാക്കാൻ തീരുമാനിച്ചു. തലയോല പറമ്പ് എന്നാ സ്ഥലപ്പേരു പേരിനു നീളം കൂടും. അത് കൊണ്ട് താലൂക്കിന്റെ പേര് ചേർത്ത് വൈക്കം മുഹമ്മദ്‌ ബഷീർ എന്നെഴുതി. പറവൂർ മുഹമ്മദ്‌ ബഷീർ രക്ഷപ്പെട്ടു. ജീവിതത്തെ ഒരു തമാശയായി കണ്ട ആ ദാർശനികൻ തന്റെ ജീവിതത്തിലും, രചനകളിലും പുലർത്തി പോന്ന ലാളിത്യത്തിന്റെയും ഹാസ്യബോധതിന്റെയും ഉത്തമ ഉദാഹരണം കൂടിയാണ് ആ വിവരണം .

ജീവിതം അനന്തമായ ഒരു പ്രാർത്ഥനയാകുന്നു എന്ന് പറഞ്ഞ ആ മഹാ പ്രതിഭയുടെ ഓരോ വാക്കിലും നിറഞ്ഞു നിന്നത് മാനവികതയോടുള്ള അടങ്ങാത്ത പ്രണയമാണ്. പ്രാമാണിക വ്യാകരണങ്ങളുടെ ചട്ടക്കുടുകൾ തകർത്തെറിഞ്ഞു, ആഖ്യയും ആഖ്യാതവും അറിയാതെ (?) തന്നെ അക്ഷരങ്ങളെ കൊണ്ട് വിസ്മയം തീർക്കാൻ അദേഹത്തെ പ്രാപ്തനാക്കിയതും ഈ പ്രപഞ്ചത്തോടും, ജീവിതത്തോടും അദേഹത്തിനുണ്ടായിരുന്ന അദമ്യമായ സ്‌നേഹവും ബഹുമാനവും തന്നെയാണ്. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് സ്വാംശീകരിച്ച ദാർശനികതത്ത്വങ്ങളെ സാധാരണക്കാരന്റെ ഭാഷയിലേക്ക് ആവാഹിക്കാൻ അദേഹത്തിന് കഴിഞ്ഞതും അത് കൊണ്ട് തന്നെയായിരിക്കണം. മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരനും ബഷീറിന്റെ ഒരു പ്രിയ സുഹൃത്തുമായിരുന്ന ശ്രീ. എം .ടി സുൽത്താന്റെ രചനകളെ കുറിച്ച് വാചാലമാവുന്നത് ഇങ്ങനെ ” ബഷീർ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികൾ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിത സന്ധികളിൽ നിന്ന് മനുഷ്യന്റെ അഗാധ സങ്കീർണതകളെ , ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തിൽ അനാവരണം ചെയ്യുന്നു കഥ പറയാനറിയുന്ന ഈ കാഥികൻ. ഞങ്ങളിൽ പലരും കഥ എഴുതാൻ പാടുപെടുമ്പോൾ, ബഷീർ അനായാസമായി കഥ പറയുന്നു .

കാൽപനികതയുടെയും സങ്കൽപങ്ങളുടെയും ആലങ്കാരികത ഊരിയെറിഞ്ഞു, സാധാരണക്കാരന്റെ ജീവിതത്തോട് തൊട്ടു നിൽക്കുന്ന കഥകൾ അവനു മനസ്സിലാവുന്ന അതി ലളിതമായ ഭാഷയിൽ പറയാൻ കഴിഞ്ഞു എന്നതാണ് ബഷീറിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്‌ എഴുത്തും ജീവിതവും വേർതിരിചെടുക്കനാവാത്ത വിധം സമ്മേളിച്ച ആ രചനാ ശൈലി മലയാളത്തിന്റെ പ്രിയപ്പെട്ട സുൽത്താന് മാത്രം സ്വന്തം. യാത്രക്കിടെ എങ്ങോ വഴി പിരിഞ്ഞു പോയൊരു സഹയാത്രികനെ പോല, ഒരു അയൽക്കാരനെ പോലെ , മറ്റു ചിലപ്പോൾ നമ്മൾ തന്നെയായി മനസ്സിൽ ചിരപ്രതിഷ്ഠ നേടുന്ന വരാണ് അദേഹത്തിന്റെ ഓരോ കഥാപാത്രവും. നീറുന്ന ജീവിതാനുഭവങ്ങളെ ഹാസ്യത്തിന്റെ മോമ്പോടിയോടെ അനുവാചകന് മുന്നിൽ നിരത്തുമ്പോൾ, അതവനെ ഒരേ സമയം ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നു . സാഹിത്യം ആത്യന്തികമായി ഓരോ മനുഷ്യ മനസാക്ഷിയേയും ഉണർത്തുന്ന ശഖൊലിയായി പരിണാമം പ്രാപിക്കുന്നത് നമുക്കവിടെ കാണാൻ കഴിയും .

ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി വല്യ ഒന്നാവുന്ന മാന്ത്രികതയുടെ തത്ത്വശാസ്ത്രം വിസ്മയമായി വിടർന്ന മജീദിന്റെയും സുഹറയുടെയും അനശ്വര പ്രണയകഥ ബാല്യകാലസഖി, തടവറയുടെ സകല അസ്വസ്ഥതകളെയും കാറ്റിൽ പറത്തി കൊണ്ട് മതിലിനപ്പുറത്ത് നിന്നെത്തുന്ന പെണ്ശബ്ദത്തിൽ പ്രണയത്തിന്റെ മായികപ്രപഞ്ചം സൃഷ്ടിക്കുന്ന മതിലുകൾ, ജീവിതത്തിന്റെ കാണാപ്പുറക്കാഴ്ച്ചകളുടെ യാഥാർത്ഥ്യങ്ങളെ വരച്ചു കാട്ടിയ ശബ്ദങ്ങൾ, മാജിക്കൽ റിയലിസത്തിന്റെ നേർകാഴ്ചയായ മാന്ത്രിക പൂച്ച, സര്വ്വചരാചരങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന് മനുഷ്യനെ ഓർമ്മപ്പെടുത്തുന്ന ഭൂമിയുടെ അവകാശികൾ, ആഭിജാത്യത്തിന്റെ അടയാളമായി താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ആനയുടെ പേരിൽ ഊറ്റം കൊള്ളുന്ന കുഞ്ഞുതാച്ചുമ്മയുടെയും, മകൾ കുഞ്ഞുപാത്തുമ്മയുടെയും കഥ പറഞ്ഞ വിശ്വവിഖ്യാതമായ മൂക്ക് ന്റൂപ്പാപ്പക്കൊരാനേണ്ടാർന്ന് തുടങ്ങി ഏതു ബഷീർ കൃതിയെടുത്താലും തികഞ്ഞ ദാർശനികതയും സമൂഹമനസാക്ഷിയുടെ കാപട്യത്തിനു നേരെയുള്ള വിമർശനങ്ങളുമാണ് നമുക്ക് കാണാൻ കഴിയുന്നത്‌.

ബഷീർ ഒരേ സമയം കവിയും, കഥാകാരനും, ഋഷിയും, സൂഫിയും, സന്ന്യാസിയുമാണ്. താൻ വിശ്വസിക്കുന്ന പ്രമാണങ്ങളെ മാത്രം ജീവിതാനുഷ്ഠനമാക്കിയ ആ യോഗിയുടെ തൂലികയിൽ നിന്ന് ഉതിർന്നു വീണ ഓരോ കഥാപാത്രങ്ങളിലും ഉൾകൊണ്ടിരുന്ന നിഷ്കളങ്കതയും, ഹൃദയ നൈർമല്യവും, നിർഭയത്വവും കഥാകാരന്റെ തന്നെ വ്യക്തിത്വ വൈഷ്ട്യവുമായി താദാത്മ്യം പ്രാപിക്കുന്നതും അത് കൊണ്ടായിരിക്കാം. ജീവിതത്തിന്റെ ഏതു ദുർഘട ഘട്ടത്തിലും കൈവെടിയാത്ത സ്നേഹമെന്ന മധുരഭാവം ആ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു. അത് തന്നെയാണ് ബഷീർ കൃതികളിലൂടനീളം ഉടനീളം തെളിഞ്ഞുനില്ക്കുന്ന സ്നേഹമെന്ന ശക്തമായ അന്തർദ്ധാരക്ക് നിദാനവും.

ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകള്‍, പ്രേമലേഖനം, ന്റുപ്പാപ്പായ്‌ക്കൊരാനയുണ്ടാര്‍ന്നു, ശബ്ദങ്ങള്‍, വിഡ്ഢികളുടെ സ്വർഗ്ഗം , മുച്ചീട്ടു കളിക്കാരന്റെ മകൾ , പാവപ്പെട്ടവരുടെ വേശ്യ , സ്ഥലത്തെ പ്രധാന ദിവ്യൻ , ആനവാരിയും പൊൻകുരിശും ജന്മദിനം വിശ്വവിഖ്യാതമായ മൂക്ക്, വിശപ്പ്, ആനപ്പൂട, ഭൂമിയുടെ അവകാശികള്‍, ശിങ്കിടിമുങ്കന്‍, അനര്‍ഘ നിമിഷം തുടങ്ങിയവയാണ് പ്രധാന നോവലുകളും ചെറുകഥകളും.

ഡി സി ബുക്സിന്റെ ആരാണ് എന്റെ കാലടികൾ മായ്ക്കുന്നത് എന്ന ലേഖനത്തിൽ എഴുത്തുകാരനായതിനെ കുറിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയിൽ വിവരിക്കുന്നു. ” ഞാൻ എഴുത്തുകാരനായത് യാദൃശ്ചികസംഭവം ഒന്നുമല്ല . ഒമ്പതു പത്തു കൊല്ലം ലക്കും ലഗാനുമില്ലാത്ത എന്ന് പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്തും മറ്റും കറങ്ങി. രാജ്യങ്ങൾ അടച്ചു വലവീശിയ മാതിരിയാണ് കറങ്ങിയത് . അനിശ്ചിതമായ കാലഘട്ടം വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള കസഞ്ചാരം .

അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വത്തായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. ജീവിയ്ക്കാൻ ആഹാരം വേണം. താമസിക്കാൻ വീട് വേണം. മറ്റാവശ്യങ്ങളുമുണ്ടല്ലോ അതിനൊരു തൊഴിൽ വേണം എന്ത് ചെയ്യും വളരെ ആലോചിച്ചു.

രാഷ്ട്രീയ പ്രവർത്തനമാകാം അങ്ങനെ ചെയ്തിരുന്നെങ്കിൽ തീരെ കുറഞ്ഞത്‌ ഒരു മുഖ്യമന്ത്രിയെങ്കിലും ആയേനെ. പട്ടാളത്തിൽ ചേർന്നിരുന്നെങ്കിൽ ക്യാപ്റ്റനല്ല കമാൻഡർ ഇൻ ചീഫ് തന്നെ ആയേനെ . ഇതിനൊക്കെ നല്ല അടുക്കും ചിട്ടയുമുല്ല ജീവിതം നയിക്കണം .നല്ല അണ്‌ഡകടാഹ ബുദ്ധിയും ഭാവനയും വേണം.. മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ശരപറാ പ്രസ്താവനകൾ ഇറക്കണം. ഓടി നടന്നു പ്രസംഗിക്കണം .ഉദ്ഘാടനങ്ങൾ ,വിളക്കു കൊളുത്തലുകൾ രാവും പകലും ഇത് തന്നെ .അടങ്ങിയൊതുങ്ങി മിണ്ടാതെ വല്ലടത്തും ഇരിക്കാൻ ഒക്കുമോ ? വെയിലു കൊള്ളാനും മഴ നനയാനും ഒച്ചയെടുക്കാനും വയ്യ. അടുക്കും ചിട്ടയുമുള്ള ജീവിതം വയ്യ. തോന്നുമ്പോൾ തോന്നിയ പോലെ. കുഴിമടിയനാണ്. കുഴി മടിയന്മാരായ ബഡുക്കുസുകൾക്ക് പറ്റിയ പണിയെ പറ്റി തലപുകഞ്ഞു ആലോചിച്ചപ്പോൾ നിധികിട്ടിയ മാതിരി ഒരെണ്ണം കിട്ടി. സാഹിത്യം — എഴുത്തുകാരനാവുക. വല്യ ബുദ്ധിയൊന്നും വേണ്ട. ഭാവനയും വേണ്ട ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ച്ചിരിപ്പിടിയോളമുണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി . എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി “.

ഇതാണ് മ്മടെ സാക്ഷാൽ സുൽത്താൻ.

മതജാതിഭാഷഭേദങ്ങൾക്കപ്പുറത്ത് മാനവികതയുടെ മൂല്യങ്ങളെ സ്വന്തസിദ്ധമായ ശൈലിയിലൂടെ മാനവഹൃദയങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ എഴുത്തുകാരിൽ പരമ പ്രധാനിയായിരുന്നു വൈക്കം മുഹമ്മദ്‌ ബഷീർ. അതു കൊണ്ട് തന്നെയാണ് ആ മഹാപ്രതിഭ കാലഘട്ടത്തിന്റെ പുണ്യമായി തീർന്നതും .

പ്രധാനകൃതികൾ:

മതിലുകൾ, ശബ്ദങ്ങൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌, പാത്തുമ്മയുടെ ആട്‌, മുച്ചീട്ടുകളിക്കാരന്റെ മകൾ, അനുരാഗത്തിന്റെ ദിനങ്ങൾ, പ്രേംപാറ്റ, സ്ഥലത്തെ പ്രധാന ദിവ്യൻ, ആനവാരിയും പൊൻകുരിശും, മരണത്തിന്റെ നിഴലിൽ, ജീവിത നിഴൽപ്പാടുകൾ, താരാസ്പെഷ്യൽസ്‌, മാന്ത്രികപ്പൂച്ച, പ്രേമലേഖനം (നോവലുകൾ); വിശ്വവിഖ്യാതമായ മൂക്ക്‌, വിശപ്പ്‌, ജന്മദിനം, കഥാബീജം, ആനപ്പൂട, ഒരു ഭഗവത്ഗീതയും കുറേ മുലകളും, ചിരിക്കുന്ന മരപ്പാവ, ഓർമക്കുറിപ്പ്‌, വിഡ്ഢികളുടെ സ്വർഗം, പാവപ്പെട്ടവരുടെ വേശ്യ, ശിങ്കിടിമുങ്കൻ, ഭൂമിയുടെ അവകാശികൾ, സ്വാതന്ത്ര്യ സമരകഥകൾ, നീലവെളിച്ചം (കഥകൾ); കഥാബീജം (നാടകം); ജീവിതം ഒരനുഗ്രഹം,അനർഘനിമിഷം, ധർമരാജ്യം (ലേഖനങ്ങൾ); ഭാർഗവീനിലയം (തിരക്കഥ); സർപ്പയജ്ഞം (ബാലസാഹിത്യം); യാ ഇലാഹി (പലവക) എന്നിവയാണ്‌ പ്രധാനകൃതികൾ

പുരസ്‌കാരങ്ങള്‍:


 ഇന്ത്യാ ഗവണ്‍മന്റിന്റെ പത്മശ്രീ (1982), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 'ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്' ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993).


                                                                                                 : ജോളി ഫ്രാൻസിസ്
Post a Comment
Related Posts Plugin for WordPress, Blogger...