Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Wednesday, May 25, 2016

പ്രവേശനോല്‍സവ ഗാനം 2016


 പ്രവേശനോല്‍സവ ഗാനം                         സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുകയാണ്. ഉത്സവം കാണാന്‍ വരുന്ന കൗതുകത്തോടെയും ആകാംക്ഷയോടെയുമാകണം ഓരോ കുട്ടികയേയും  സ്‌കൂളുകളിലെത്തിക്കാന്‍. അപ്പോള്‍ ഉത്സവം കാണാനെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടും വേണം. "അക്ഷര സൂര്യനുദിച്ചു  നമുക്കിന്നറിവിൻ ഉത്സവഘോഷം"  എന്ന് തുടങ്ങുന്ന ഗാനം സര്‍വ്വ ശിക്ഷ അഭിയാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി കഴിഞ്ഞു. പി ജയചന്ദ്രനാണ് ഗാനമാലപിച്ചത്  പുസ്തക മധുരം നുകരാനും പൂമ്പാറ്റകളായി പാറി നടക്കാനും നിർദ്ദേശിക്കുന്ന പാട്ടിന്‍റ വരികള്‍ എഴുതിയത്  ശിവദാസ്‌  പുറമേരിയാണ്  അക്ഷരങ്ങളുടെ പുതിയ പുലരിയിലേക്ക് പിറന്ന് വീഴുന്ന ലക്ഷക്കണക്കിന് കുരുന്നുകളുടെ മനസ്സ് കണ്ടറിഞ്ഞാണ്  മണക്കാല ഗോപാലകൃഷ്ണൻ  ഗാനം ചിട്ടപ്പെടുത്തിയത്.    കളി ചിരി നിറയും തിരുമുറ്റങ്ങളിൽ ആടിപ്പാടി രസിക്കാം! ...  അറിയാക്കഥയുടെ  ചെപ്പ്  തുറക്കാം ആ വഴി ഈ വഴി വായോ .......... എന്ന്    ഈ പാട്ടിലൂടെ കുട്ടികളെ സ്കൂൾ മുറ്റങ്ങളിലേയ്ക്ക് മാടി വിളിക്കുകയാണ് ....... 


പ്രവേശനോല്‍സവ ഗാനം കേള്‍ക്കൂ

Tuesday, May 24, 2016

എസ്.എസ്.എൽ.സിക്കു ശേഷം? പഠന സാധ്യതകൾ ......HIGHER STUDIES


          എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന മേഖല തിരഞ്ഞെടുക്കുന്നതിനുള്ള ബദ്ധപ്പാടിലാണ്. മികച്ച ജോലി, ആകർഷകമായ ശമ്പളം- ഇതിനു പറ്റിയ കോഴ്‌സുകളാണ് ഏവരുടെയും സ്വപ്നം. 2014-15ലെ തൊഴിൽ സാദ്ധ്യതാനിരക്കിൽ പെൺകുട്ടികളാണ് മുന്നിൽ. തൊഴിൽ പരസ്യങ്ങളിൽ ഓൺലൈൻ വെബ് പോർട്ടലുകൾക്കും സോഷ്യൽ നെറ്റ്‌വർക്കുകൾക്കും  പ്രാധാന്യമേറിവരുന്നു. രാജ്യത്ത് സേവന മേഖലകളിൽ 27ശതമാനത്തോളം തൊഴിലാളികൾ പ്രവർത്തിക്കുന്നു. ഇവരുടെ മൊത്തം ആഭ്യന്തര വരുമാനത്തിലുള്ള സംഭാവന 58 ശതമാനമാണ്. തൊഴിൽ മേഖലയിൽ പ്രവർത്തന മികവ്  (skill) ന്  പ്രസക്തിയേറുന്നു.  ദേശീയ സ്‌കിൽ വികസന കോർപ്പറേഷൻ   പ്രവർത്തന മികവിൽ ഊന്നിയുള്ള  ബിരുദ പ്രോഗ്രാമായ ബി (വൊക്) തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
റീട്ടെയിൽ, അഗ്രിബിസിനസ്, ഊർജ്ജം, പെട്രോളിയം, എൻജിനീയറിംഗ്, കമ്മ്യൂണിക്കേഷൻ, ഇൻഷ്വറൻസ്, സാമൂഹ്യ സേവനം, നിർമ്മാണം, ഭൗതിക സൗകര്യവികസനം, മാനേജ്‌മെന്റ്,  അക്കൗണ്ടിംഗ്  എന്നിവയിൽ വൻ തൊഴിലവസരങ്ങളാണ്  വരാനിരിക്കുന്നത്. ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യുവതീയുവാക്കളിൽ ശരാശരി 51ശതമാനവും മുപ്പത് വയസ്സിന്  താഴെയുള്ളവരാണ്. കാർഷിക മേഖലയെ അപേക്ഷിച്ച് കൂടുതൽ തൊഴിലവസവരങ്ങളാണ് വ്യവസായ, സേവന മേഖലകളിൽ വരാനിരിക്കുന്നത്.
അഭ്യസ്തവിദ്യരായ  യുവതീയുവാക്കൾ തൊഴിൽ സംരംഭകരാകുന്ന പ്രവണത അടുത്ത കാലത്തായി വർദ്ധിച്ചു വരുന്നു. ആയിരക്കണക്കിന് സ്റ്റാർട്ട് അപ്പ് കമ്പനികളാണ്  രാജ്യത്ത് നിലവിലുള്ളത്. ഭക്ഷ്യ സംസ്‌കരണ രംഗത്ത് വാർഷിക വളർച്ചാ നിരക്ക് 18 ശതമാനത്തിലധികമാണ്. ഉപരിപഠനത്തിനായി  പ്ലസ് ടു വിനു ശേഷം  യൂറോപ്യൻ രാജ്യങ്ങൾ, സിങ്കപ്പൂർ, ആസ്‌ട്രേലിയ  എന്നിവ  ഇന്ത്യൻ  വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മികച്ച രാജ്യങ്ങളായി  മാറിക്കഴിഞ്ഞു. നമ്മുടെ നാട്ടിൽ ഉപരിപഠന  സാധ്യതയില്ലെന്ന് കരുതുന്ന മിക്ക കോഴ്‌സുകൾക്കും വിദേശത്ത് ഉപരിപഠന, ഗവേഷണ, തൊഴിൽ സാധ്യതകളേറെയുണ്ട്.  സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന STEM കോഴ്‌സുകൾക്കാണ്  സാധ്യതയേറെയും. ജീവശാസ്ത്ര കോഴ്‌സുകൾക്ക്  വിദേശത്ത് ഉപരിപഠന-തൊഴിൽ സാധ്യതകളേറെയുണ്ട്.
നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി വിജയകരമായി പൂർത്തിയാക്കിയത്. പത്താം ക്ലാസ്സിനുശേഷം പ്ലസ് ടു പഠനം താത്പര്യമുള്ള ഉപരിപഠന മേഖലയിൽ/ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തിക്കാൻ സഹായിക്കും.

വിദ്യാർത്ഥിയുടെ താത്പര്യം പ്രധാനം

പ്ലസ് ടു വിന് വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥിയുടെ താത്പര്യവും അഭിരുചിയും പ്രത്യേകം കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നിവയാണ് പ്രധാനപ്പെട്ട സയൻസ് ഗ്രൂപ്പുകൾ. മാനവിക വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പിൽ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി മുതലായവ ഉൾപ്പെടുന്നു.
കോമേഴ്‌സ് ഗ്രൂപ്പിൽ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്  മുതലായവ ഉൾപ്പെടുന്നു.
കണക്കിൽ മിടുക്കുള്ള വിദ്യാർത്ഥിയ്ക്ക് ബയോളജി ഒഴിവാക്കാം.  ജീവശാസ്ത്ര മേഖലയിൽ ഉപരിപഠനം നടത്താൻ താത്പര്യമുള്ളവർക്ക് കണക്ക് ഉപേക്ഷിക്കാം.  ഡവലപ്‌മെന്റ് സയൻസ്, സാമൂഹ്യശാസ്ത്ര മേഖലകൾ എന്നിവയിൽ താത്പര്യമുള്ളവർക്ക് മാനവിക വിഷയങ്ങൾ തിരഞ്ഞെടുക്കാം.
മാനേജ്‌മെന്റ്, എം.ബി.എ, ചാർട്ടേഡ്  അക്കൗണ്ടന്റ്, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകൾ, ബാങ്കിംഗ്, ഇൻഷ്വറൻസ് എന്നിവയിൽ താത്പര്യമുള്ളവർക്ക് കോമേഴ്‌സ്, ബിസിനസ്സ് പഠന ഗ്രൂപ്പെടുക്കാം. എൻജിനീയറാകാൻ കംപ്യൂട്ടർ സയൻസ് ഗ്രൂപ്പെടുക്കാം.
വിദേശ പഠനം ലക്ഷ്യമിടുന്നവർക്ക് സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയ്ക്കിണങ്ങിയത് ബയോമാത്‌സ് ഗ്രൂപ്പാണ്. സിവിൽ സർവ്വീസസിൽ താത്പര്യമുള്ളവർക്ക് മാനവിക വിഷയങ്ങളടങ്ങിയ കോഴ്‌സുകളാണ് നല്ലത്.
പത്താം ക്ലാസ്സുവരെ പഠിയ്ക്കാൻ ബുദ്ധിമുട്ടുളവാക്കിയ വിഷയങ്ങൾ പ്ലസ് ടു പഠനത്തിന് ഒരിക്കലും തിരഞ്ഞെടുക്കരുത്.
എസ്.എസ്.എൽ.സി പൂർത്തിയാക്കിയ എല്ലാവർക്കും പ്ലസ് ടു വിന് അഡ്മിഷൻ ലഭിയ്ക്കുക പ്രയാസമാണ്. ദേശീയതലത്തിലുള്ള നാഷണൽ ഓപ്പൺ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്ത് പ്ലസ് ടു പൂർത്തായാക്കാം. പ്ലസ് ടു അഡ്മിഷൻ ലഭിയ്ക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രധാനപ്പെട്ട വഴിത്തിരിവാണ്. ഇത്തരം വസ്തുനിഷ്ഠമായ തീരുമാനങ്ങളാണ് ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ലക്ഷ്യം കൈവരിയ്ക്കാൻ സഹായിക്കുന്നത്.
 പ്ലസ് ടു വിന് ശേഷം പ്രൊഫഷണൽ കോഴ്‌സുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. മെഡിക്കൽ, എൻജിനീയറിംഗ്, കൃഷി, വെറ്ററിനറി സയൻസ്, ഡെന്റൽ  സയൻസ്, ഫാർമസി, നഴ്‌സിംഗ്, ആയുർവ്വേദം, ഹോമിയോപ്പതി തുടങ്ങിയവ ഇവയിൽ ചിലതു  മാത്രം.
 പ്ലസ് ടു വിന് ശേഷം സൈന്യത്തിൽ ചേരാൻ നാഷണൽ ഡിഫൻസ് അക്കാഡമി പരീക്ഷകൾ, റയിൽവേയിൽ സ്‌പെഷ്യൽ ക്ലാസ് റെയിൽവേ അപ്രന്റീസ് പ്രോഗ്രാം, ഐസാറ്റിലെ ബി.ടെക്, നിഫ്‌റ്റിലെ ഫാഷൻ ഡിസൈനിംഗ്, മർച്ചന്റ് നേവി എന്നിവ പ്രധാനപ്പെട്ട കോഴ്‌സുകളാണ്.
 സയൻസ്, ഉപരിപഠനം, ഗവേഷണം എന്നിവയ്ക്ക് ഐസർ, ഐ.ഐ.എസ്.സി കോഴ്‌സുകൾ ഏറെ മികവുറ്റതാണ്.
താത്പര്യമുള്ള വിഷയങ്ങളിൽ ഡിഗ്രിയ്ക്ക് ചേർന്ന് ബിരുദം നേടി  ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിജയം കൈവരിയ്ക്കാം.
മാർക്ക് കുറഞ്ഞവർ പ്ലസ് ടു വിന് ചേരുന്നതിന് പകരം പത്താം ക്ലാസിനു ശേഷം പ്രവർത്തനമികവുള്ള Skill development കോഴ്‌സിന് ചേർന്ന് പഠിയ്ക്കുന്നതാണ് നല്ലത്. രാജ്യത്തിനകത്തും  ഗൾഫ് രാജ്യങ്ങളിലും തൊഴിൽ ലഭിയ്ക്കാൻ ഇതു സഹായിക്കും. Skill development രംഗത്ത് അഭ്യസ്തവിദ്യരുടെ വൻക്ഷാമം രാജ്യത്ത് നിലനിൽക്കുന്നു.
ഹോട്ടൽ മാനേജ്‌മെന്റ്, ആയുർവ്വേദ ഫാർമസി, ലബോറട്ടറി ടെക്‌നിഷ്യൻ, ടൂറിസ്റ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിവ ഇവയിൽ ചിലതാണ്. സാങ്കേതികരംഗത്ത് പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ എന്നിവയുടെ ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ പ്രവർത്തന മികവുള്ള കോഴ്‌സുകളാണ്. കൃഷി, കംപ്യൂട്ടർ സയൻസ്, ഐ.ടി, അനിമേഷൻ, കൺസ്ട്രക്‌ഷൻ, ആർക്കിടെക്ചർ, അപ്പാരൽ ട്രെയിനിംഗ്, ടൂൾ ആന്റ് ഡൈ മേക്കിംഗ്, ബ്യുട്ടീഷ്യൻ, നഴ്‌സിംഗ്, ഖാദി വ്യവസായം, ഡിസൈനിംഗ്, ജെമ്മോളജി, ഗ്രാഫിക് ഡിസൈനിംഗ്, ഡി.ടി.പി ഓപ്പറേറ്റർ, ഓട്ടോമൊബൈൽ മെക്കാനിക്ക്, മെക്കാട്രോണിക്‌സ് എന്നിവ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണ്. ജന്തുക്ഷേമം, അനിമൽ ഹാൻഡ്‌ലിംഗ്, ലൈവ്‌സ്റ്റോക്ക് പ്രൊഡക്‌ഷൻ, പൗൾട്രി ഫാമിംഗ്, ഡയറി ഫാമിംഗ് എന്നിവയിലും സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. നെട്ടൂർ  ടെക്‌നിക്കൽ ട്രെയിനിംഗ് ട്രസ്റ്റിന്റെ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് തൊഴിൽ സാധ്യതയേറെയാണ്. കാർഷിക സർവ്വകലാശാല, വെറ്ററിനറി സർവ്വകലാശാല എന്നിവയുടെ ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും മികവുറ്റവയാണ്.

മികച്ച പാരാമെഡിക്കൽ കോഴ്‌സുകൾ അനവധി


ആതുര സേവനരംഗത്ത് നഴ്‌സിംഗിനുള്ള പ്രാധാന്യം ചില്ലറയല്ല.  പ്രവർത്തന മികവുള്ള നഴ്‌സുമാർക്ക്  ലോകത്താകമാനം തൊഴിൽ സാധ്യതയേറെയുണ്ട്. നഴ്‌സിംഗ് കോഴ്‌സുകളിൽ ബി.എസ്‌സി നഴ്‌സിംഗ്, ജനറൽ നഴ്‌സിംഗ്  ആന്റ് മിഡ്‌വൈഫറി, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്, ഓക്‌സിലിയറി നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളുണ്ട്.
നഴ്‌സിംഗ് സ്‌കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ അംഗീകാരമുള്ള സ്ഥാപനങ്ങളാണോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം, തിരഞ്ഞെടുക്കപ്പെട്ട നഴ്‌സിംഗ് സ്‌കൂളിന് അംഗീകാരമുണ്ടോ തുടങ്ങിയ കാര്യങ്ങൾ നഴ്‌സിംഗ് കൗൺസിലിന്റെ www.indiannursingcouncil.org എന്ന വെബ്‌സൈറ്റിൽ നിന്നറിയാം.
 50 ശതമാനം മാർക്കോടെ ബയോളജി ഗ്രൂപ്പെടുത്ത് പ്ലസ് ടൂ പൂർത്തിയാക്കിയവർക്ക് 4 വർഷ ബി.എസ്‌സി നഴ്‌സിംഗിന് അപേക്ഷിക്കാം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
 പ്ലസ് ടുക്കാർക്ക് മൂന്നര വർഷത്തെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിന് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പെടുത്തവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
 പാരാമെഡിക്കൽ കോഴ്‌സുകളിൽ ബിഫാം, ബി.എസ്‌സി. എം.എൽ.ടി, ബി.പി.ടി, ഒപ്‌റ്റോമെട്രി എന്നിവ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണ്. 50 ശതമാനം മാർക്കോടെ പ്ലസ് ടു സയൻസ് ഗ്രൂപ്പ് പാസ്സായവർക്ക് മേൽ സൂചിപ്പിച്ച കോഴ്‌സുകൾക്ക് അപേക്ഷിക്കാം.
 ഫാർമസ്യൂട്ടിക്കൽസ് രംഗത്ത് ലോകോത്തര നിലവാരം പുലർത്തുന്ന ഇന്ത്യയിൽ നാലു വർഷ ബി.ഫാം പൂർത്തിയാക്കിയവർക്ക് ഗവേഷണ മേഖല, ഫാർമസ്യൂട്ടിക്കൽസ്, ഫാർമസി കോളേജുകൾ എന്നിവയിൽ പ്രവർത്തിക്കാം. ജനറിക് ഡ്രഗ് മാർക്കറ്റിൽ വരാനിരിക്കുന്ന മാറ്റങ്ങളും ഉപരിപഠന സാധ്യതയും ബി.ഫാമിന് കരുത്തേകുന്നു.
 രോഗനിർണ്ണയ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്താനുതകുന്ന ലാബുകൾ അത്യന്താപേക്ഷിതമാണ്. ഈ രംഗത്ത് ബി.എസ്‌സി മെഡിക്കൽ ലബോറട്ടറി  ടെക്‌നോളജിക്ക് രാജ്യത്തിനകത്തും, ഗൾഫ് നാടുകളിലും സ്വയം തൊഴിൽ മേഖലയായും തൊഴിലവസരങ്ങളുണ്ട്.
 ഫിസിയോതെറാപ്പി ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ചികിത്സാരീതിയായി മാറിക്കഴിഞ്ഞു. അതിനാൽ ഫിസിയോതെറാപ്പി ക്ലിനിക്കുകൾ   കൂടുതലായി ആരംഭിച്ചുവരുന്നു. വിദേശരാജ്യങ്ങളിൽ ഫിസിയോതെറാപ്പി മികച്ച തൊഴിൽ മേഖലകളിലൊന്നായി മാറിക്കഴിഞ്ഞു.
 നേത്രരോഗങ്ങൾ, നേത്രാശുപത്രികൾ എന്നിവ കൂടുതലായി വിപുലപ്പെട്ടു വരുന്ന ഇക്കാലത്ത് കാഴ്ചശേഷി ഉറപ്പുവരുത്താനുള്ള ചികിത്സയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ ഒപ്‌റ്റോമെട്രി പ്രോഗ്രാമിന് സാധ്യതയേറുന്നു.
 എസ്.എസ്.എൽ.സി പാസ്സായവർക്ക് ഒന്നര വർഷത്തെ ഓക്‌സിലിയറി നഴ്‌സ് ആന്റ് മിഡ്‌വൈഫറി (എ.എൻ.എം)  കോഴ്‌സിന് ചേരാം.
 മൂന്നര വർഷത്തെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ കഴിഞ്ഞവർക്ക് ബി.എസ്‌സി പോസ്റ്റ് ബേസിക് നഴ്‌സിംഗിന് ചേരാം. ഓപ്പറേഷൻ തിയേറ്റർ നഴ്‌സിംഗ്, ന്യൂറോളജി നഴ്‌സിംഗ്, ക്രിട്ടിക്കൽ കെയർ, എമർജൻസി ആന്റ് ഡിസാസ്റ്റർ, ഓങ്കോളജി, നിയോനാറ്റൽ, ഓർത്തോ & റിഹാബിലിറ്റേഷൻ, മിഡ്‌വൈഫറി തുടങ്ങി നഴ്‌സിംഗിന് നിരവധി ഉപവിഭാഗങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ignou.ac.in  സന്ദർശിക്കുക.
 ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ലാബോറട്ടറി ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ഡെന്റൽ മെക്കാനിക്‌സ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി, എൻഡോസ്‌കോപ്പി, റെസ്പിരേറ്ററി ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി എന്നിവയിൽ പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകൾ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുണ്ട്. പ്ലസ് ടു 40% മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.org  സന്ദർശിക്കുക.
 ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആന്റ് സയൻസ് (ബിറ്റ്‌സ് പിലാനി) ചെന്നൈ, ഹൈദരാബാദ് കേന്ദ്രങ്ങളിൽ ശങ്കര നേത്രാലയവുമായി ചേർന്ന് ബി.എസ്‌സി ഒപ്‌റ്റോമെട്രി, മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്ന് ബി.എസ്‌സി ഫിസിഷ്യൻ അസിസ്റ്റന്റ് കോഴ്‌സുകൾ നടത്തുന്നു. ലോകോത്തര നിലവാരം പുലർത്തുന്ന ശങ്കര നേത്രാലയവുമായി ചേർന്ന് നടത്തുന്ന കോഴ്‌സിന് ഏറെ തൊഴിലവസരങ്ങളുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് www.bits-pilani.ac.in സന്ദർശിക്കുക.
 അമൃത സർവ്വകലാശാലയുടെ ബി.എസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്, ബി.ഫാം, ബി.എസ്‌സി (എം.ആർ.ടി) - മെഡിക്കൽ റേഡിയോളജി ടെക്‌നോളജി, ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, എമർജൻസി മെഡിക്കൽ സർവ്വീസസ്, ഒപ്‌റ്റോമെട്രി, ഡെന്റൽ മെക്കാനിക്‌സ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മേയ് 26 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.amrita.edu സന്ദർശിക്കുക.DOWNLOAD Full article pdf file

കടപ്പാട് : കേരള കൗമുദി 

Sunday, May 22, 2016

വിദ്യാര്‍ത്ഥികളറിയേണ്ട 12 മനശ്ശാസ്ത്രവിദ്യകള്‍


വിദ്യാര്‍ത്ഥികളറിയേണ്ട 12 മനശ്ശാസ്ത്രവിദ്യകള്‍


പഠനഭാരമോ അദ്ധ്യാപകരുടെയോ മാതാപിതാക്കളുടെയോ അമിതപ്രതീക്ഷകളോ മാനസികസമ്മര്‍ദ്ദമുളവാക്കാതെയും, ബാല്യകൌമാരവിഹ്വലതകള്‍ ലഹരിയുപയോഗമോ മാനസികപ്രശ്നങ്ങളോ ആയി വളരാതെയുമൊക്കെ വിദ്യാര്‍ത്ഥികളെ കാക്കാനുതകുന്ന 12 വിദ്യകള്‍ -

1. EISENHOVER METHOD // കാര്യങ്ങള്‍ക്കൊരു ക്യൂവുണ്ടാക്കാം

ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാനും അതുവഴി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു വിദ്യയാണിത്.

1. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെ അടിയന്തിരസ്വഭാവമുള്ളവ, അതില്ലാത്തവ എന്നിങ്ങനെ വേര്‍തിരിക്കുക. (തൊട്ടുമുമ്പിലുള്ള ഒരു പരീക്ഷക്കുവേണ്ടി തയ്യാറെടുക്കുക, അടുത്ത ദിവസം സമര്‍പ്പിക്കേണ്ട പ്രൊജക്റ്റ് തയ്യാറാക്കുക എന്നിവ അടിയന്തിരസ്വഭാവമുള്ള കാര്യങ്ങള്‍ക്കും, വ്യായാമം ചെയ്യുക, ചുമ്മാ ഫേസ്ബുക്ക് നോക്കുക എന്നിവ അടിയന്തിരസ്വഭാവമില്ലാത്ത കാര്യങ്ങള്‍ക്കും ഉദാഹരണങ്ങളാണ്.)
2. ആ രണ്ടുകൂട്ടം കാര്യങ്ങളെയും പ്രാധാന്യമുള്ളവ, പ്രാധാന്യമില്ലാത്തവ എന്നിങ്ങനെയും വേര്‍തിരിക്കുക. (ഒരു കാര്യത്തിന്‍റെ പ്രാധാന്യം നിര്‍ണയിക്കേണ്ടത് അത് തന്‍റെ മൂല്യങ്ങളോടും ഭാവിലക്ഷ്യങ്ങളോടും ചേര്‍ന്നുപോവുന്നതാണോ എന്നതിന്‍റെ അടിസ്ഥാനത്തിലാണ്.)

ഇത്രയും ചെയ്യുമ്പോള്‍ നാലു കൂട്ടങ്ങള്‍ കിട്ടുന്നു:
i. അടിയന്തിരസ്വഭാവവും പ്രാധാന്യവുമുള്ള കാര്യങ്ങള്‍ (ഉദാ:- അടുത്ത ദിവസം കാണിക്കേണ്ട ഹോവര്‍ക്ക് മുഴുമിപ്പിക്കുക, വായനക്കിടെ തോന്നിയ സംശയത്തിന് നിവാരണം നടത്തുക.)
ii. അടിയന്തിരസ്വഭാവമില്ലാത്ത, പക്ഷേ പ്രാധാന്യമുള്ള കാര്യങ്ങള്‍ (ഉദാ:- നല്ല ശീലങ്ങള്‍ ആര്‍ജിക്കുക, ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുക.)
iii. അടിയന്തിരസ്വഭാവമുള്ള, എന്നാല്‍ പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ (ഉദാ:- ഫോണ്‍ചെയ്ത കൂട്ടുകാരനോട് വിശദമായി സംസാരിക്കുക, ക്രിക്കറ്റ്മാച്ച് ലൈവ് കാണുക.)
iv. അടിയന്തിരസ്വഭാവമോ പ്രാധാന്യമോ ഇല്ലാത്ത കാര്യങ്ങള്‍ (ഉദാ:- ചുമ്മാ മനോരാജ്യം കണ്ടിരിക്കുക.)

3. ഇതില്‍ ഏറ്റവും മുന്‍ഗണന കൊടുക്കേണ്ടത് സ്വാഭാവികമായും കൂട്ടം iല്‍ വരുന്ന,  അടിയന്തിരസ്വഭാവവും പ്രാധാന്യവുമുള്ള കാര്യങ്ങള്‍ക്കു തന്നെയാണ്. എന്നാല്‍ ഒട്ടേറെ സമയം ഈ കാര്യങ്ങള്‍ക്കായി മാറ്റിവെക്കേണ്ടിവരുന്നത് അത്ര നല്ലതല്ല. ആസൂത്രണത്തിന്‍റെയും മുന്‍‌കൂര്‍ തയ്യാറെടുപ്പിന്‍റെയും അഭാവം കൊണ്ടാണ് അങ്ങിനെ എപ്പോഴും “മുള്ളിന്മേല്‍ നിന്ന്” കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നത്. ഇതു തടയാനും ആശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാനാവാനുമുള്ള നല്ല പോംവഴി കൂട്ടം ii-ലെ (പ്രാധാന്യമുള്ള, എന്നാല്‍ അടിയന്തിരസ്വഭാവമില്ലാത്ത) കാര്യങ്ങള്‍ക്ക് എപ്പോഴും അര്‍ഹിക്കുന്ന ശ്രദ്ധയും സമയവും കൊടുത്തുകൊണ്ടിരിക്കുക എന്നതാണ്. ഓരോ പ്രാവശ്യവും കൂട്ടം i-ല്‍ പെടുന്ന ഒരു കാര്യത്തിനു വേണ്ടി സമയം ചെലവഴിക്കേണ്ടിവരുമ്പോള്‍ തക്ക ആസൂത്രണവും മുന്‍‌കൂര്‍ തയ്യാറെടുപ്പും വഴി അത് ഒഴിവാക്കാനാകുമായിരുന്നോ എന്നു പരിശോധിക്കുന്നതും നല്ലതാണ്.

കൂട്ടം iii-ല്‍ വരുന്ന (അടിയന്തിരസ്വഭാവമുള്ള, എന്നാല്‍ പ്രാധാന്യമില്ലാത്ത) കാര്യങ്ങള്‍ക്ക് അധികം സമയം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അവയില്‍നിന്ന് രക്ഷപ്പെടാന്‍ തനിക്ക് മറ്റു തിരക്കുകളുണ്ടെന്നു തുറന്നു പറയുക (അസെര്‍ട്ടീവ്നസ് എന്ന സെക്ഷന്‍ കാണുക.), ഇത്തരം ജോലികള്‍ മറ്റുള്ളവര്‍ക്കു കൈമാറുകയോ ആവുന്നത്ര വേഗം ചെയ്തൊഴിവാക്കുകയോ ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. മറ്റു കൂട്ടങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ത്തതിനു ശേഷം മാത്രമേ കൂട്ടം iv-ല്‍ വരുന്ന (അടിയന്തിരസ്വഭാവമോ പ്രാധാന്യമോ ഇല്ലാത്ത) കാര്യങ്ങള്‍ക്കു സമയം ചെലവാക്കാവൂ. ഇത്തരം കാര്യങ്ങള്‍ക്ക് ഏറെ സമയം കൊടുക്കുന്നുണ്ടെങ്കില്‍ അതു നിര്‍ത്തി, പകരം ആ സമയം കൂട്ടം ii-ല്‍ വരുന്ന കാര്യങ്ങള്‍ക്കു കൊടുക്കുക.

ഒരു ദിവസത്തിന്‍റെ മാത്രമല്ല, മാസത്തിന്‍റെയോ വര്‍ഷത്തിന്‍റെയോ ആസൂത്രണത്തിനും ഐസന്‍ഹോവര്‍ മെതേഡ് ഉപയോഗിക്കാവുന്നതാണ്. തുടക്കത്തില്‍ അല്‍പം സമയമെടുക്കുകയോ പ്രയാസം നേരിടുകയോ ചെയ്യാമെങ്കിലും സമയം ചെല്ലുന്നതിനനുസരിച്ച് ഈ പ്രശ്നങ്ങള്‍ സ്വയം പരിഹൃതമാവും.


2. PARETO PRINCIPLE // കയ്യിലൊതുക്കാനെളുപ്പമുള്ള കാര്യങ്ങള്‍

ഒരു കാര്യത്തിന്‍റെ 80% സാദ്ധ്യമാക്കാന്‍ അതു മുഴുവനും സാദ്ധ്യമാക്കാന്‍ വേണ്ട പരിശ്രമത്തിന്‍റെ 20% മാത്രം മതിയാവും എന്നാണ് ഈ തത്വം പറയുന്നത്. ഉദാഹരണത്തിന്, അഞ്ചുദിവസം പഠിച്ചാല്‍ നൂറില്‍ നൂറുമാര്‍ക്കു കിട്ടാമെങ്കില്‍ അതില്‍ 80 മാര്‍ക്കും വെറും ഒരു ദിവസം വായിച്ചാല്‍ നേടാനായേക്കും — ശേഷിക്കുന്ന 20 മാര്‍ക്കിനായാണ്‌ ബാക്കി നാലു ദിവസത്തെയും പരിശ്രമം ചെലവാകുന്നത്. അതുപോലെതന്നെ ടെക്സ്റ്റ്ബുക്കുകള്‍, ക്ലാസ്നോട്ടുകള്‍, ഗൈഡുകള്‍ തുടങ്ങിയവയില്‍നിന്ന് ഏറ്റവും പ്രസക്തമായ 20% ഭാഗം തെരഞ്ഞെടുത്തു വായിച്ചാല്‍ത്തന്നെ ആകെ മാര്‍ക്കിന്‍റെ 80% കിട്ടിയേക്കും.
ഈ തത്വം പഠനകാര്യങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള ചില മാര്‍ഗങ്ങള്‍

    മുന്നനുഭവങ്ങളും അദ്ധ്യാപകരുടെയും സീനിയര്‍ വിദ്യാര്‍ത്ഥികളുടെയുമൊക്കെ നിര്‍ദ്ദേശങ്ങളും വെച്ച് കൂടുതല്‍ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കി അവ ഏറ്റവുമാദ്യം വായിച്ചുതീര്‍ക്കുക.
    സമയക്കുറവുള്ളപ്പോള്‍ വായിക്കാതെ വിടുന്ന ഭാഗങ്ങളില്‍ ഇവ ഉള്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
    ചുമ്മാ ജയിച്ചാല്‍ മാത്രം പോരാ, വളരെ നല്ല മാര്‍ക്കു കിട്ടുകയും വേണം എന്നുള്ളവര്‍ തീര്‍ച്ചയായും എല്ലാ ഭാഗങ്ങളും പഠിച്ചിരിക്കണം. എന്നാല്‍ അങ്ങിനെയുള്ളവരും പഠിക്കുമ്പോഴും റിവിഷന്‍ നേരത്തും ഇത്തരം ഭാഗങ്ങള്‍ക്ക് കൂടുതല്‍ സമയമനുവദിക്കുന്നതാവും ബുദ്ധി.
    ഈ തത്വത്തിന്‍റെ ഒരു വകഭേദം പരീക്ഷയെഴുതുമ്പോഴും ഉപയോഗിക്കാം. അഞ്ചുമാര്‍ക്കുള്ള ഒരു ചോദ്യത്തിന്‍റെ ആദ്യ നാലുമാര്‍ക്ക് നേടിയെടുക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കും — എന്നാല്‍ അവസാനത്തെയാ ഒരു മാര്‍ക്കു കൂടിക്കിട്ടാന്‍ താരതമ്യേന കൂടുതല്‍ സമയവും പരിശ്രമവും വേണ്ടിവന്നേക്കും. അതുകൊണ്ടുതന്നെ മുഴുവന്‍ മാര്‍ക്കും മോഹിച്ച് ആദ്യ ചോദ്യങ്ങള്‍ക്കൊക്കെ ഏറെ നേരമെടുത്ത് ഉത്തരമെഴുതി, അവസാനം പല ചോദ്യങ്ങളും ഒന്നു ശ്രമിച്ചുനോക്കാന്‍ പോലും സമയം കിട്ടാതിരിക്കുന്ന അവസ്ഥ വരാതെ നോക്കുക.

3. DISTRIBUTED PRACTICE // പയ്യെത്തിന്നാല്‍...

ഒരു പാഠം ഒരൊറ്റ ദിവസംതന്നെ കുറേ നേരമെടുത്ത് പലയാവര്‍ത്തി വായിക്കുന്നതിനെക്കാള്‍ കാര്യങ്ങള്‍ ഓര്‍മയില്‍നില്‍ക്കാന്‍ നല്ലത് അതു പല ദിവസങ്ങളിലായി കുറച്ചുനേരം വീതമെടുത്തു വായിക്കുന്നതാണ്. പരീക്ഷക്ക്‌ ഏറെ മുമ്പുതന്നെ പഠനം തുടങ്ങി, പല ദിവസങ്ങളിലായി ഇത്തിരിനേരം വീതമെടുത്ത് വായിച്ച ഭാഗങ്ങളാണ് പരീക്ഷാത്തലേന്ന് ഊണുമുറക്കവും കളഞ്ഞ് വായിച്ചെടുക്കുന്നവയെക്കാള്‍ ഓര്‍മയില്‍ നില്‍ക്കുക. പഠനത്തിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പൊതുവെ നിര്‍ദ്ദേശിക്കപ്പെടാറുള്ള പത്തു വിദ്യകളെ 2013-ല്‍ കെന്‍റ് സ്റ്റേറ്റ് എന്ന അമേരിക്കന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ താരതമ്യപഠനത്തിനു വിധേയമാക്കിയപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ഫലപ്രദം എന്നു തെളിഞ്ഞത് ഈ രീതിയായിരുന്നു. വര്‍ഷം മുഴുവനും ദിവസവും നിശ്ചിത സമയം വായനക്കായി മാറ്റിവെക്കുക എന്ന പതിവ് ഉപദേശത്തിന് ഇവിടെ ശാസ്ത്രീയ അടിത്തറ കിട്ടുകയാണ്. വര്‍ഷത്തുടക്കത്തില്‍ ഒരു സമയക്രമം നിശ്ചയിക്കുകയും അതില്‍ ആവശ്യാനുസരണം പുന:ക്രമീകരണങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുക. ഉദ്ദേശിച്ചത്ര സമയം പഠനത്തിനായിക്കിട്ടുന്നില്ലെങ്കില്‍ ഐസന്‍ഹോവര്‍ മെതേഡ്, പരേറ്റോ പ്രിന്‍സിപ്പിള്‍, അസെര്‍ട്ടീവ്നസ് എന്നീ സെക്ഷനുകളില്‍പ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പ്രയോജനപ്പെടുത്തുക.


4. SQ3R // പാഠങ്ങള്‍ വായിക്കേണ്ടത്

പാഠഭാഗങ്ങളും പൊതുവെ കഥകളെയും മറ്റുംപോലെ തുടക്കംതൊട്ട് അവസാനം വരെയാണ് വായിക്കപ്പെടാറുള്ളത്. എന്നാല്‍ കാര്യങ്ങള്‍ നന്നായി മനസ്സിലാവാനും ഓര്‍മയില്‍ നില്‍ക്കാനും ആ രീതി അത്ര അഭികാമ്യമല്ല. ഏതു ഭാഗങ്ങളാണ്‌ കൂടുതല്‍ മനസ്സിരുത്തി വായിക്കേണ്ടത് എന്നു നിര്‍ണയിക്കാനും അങ്ങിനെ പഠനത്തിന്‍റെ കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു രീതിയാണ് SQ3R. അഞ്ചു ഘട്ടങ്ങളായാണ് ഇവിടെ പഠനം നടക്കുന്നത്. Survey, Question, Read, Recite, Review എന്നീ ഘട്ടങ്ങളെയാണ് SQ3R എന്ന പേരു സൂചിപ്പിക്കുന്നത്.

1. Survey: ആദ്യം പാഠത്തിന്‍റെ ഒരു വിഹഗവീക്ഷണം നടത്തുക. ഹെഡ്ഡിങ്ങ്, ആമുഖം, സബ്ഹെഡ്ഡിങ്ങുകള്‍, ബോക്സുകള്‍, ചിത്രങ്ങളുടെയും ഗ്രാഫുകളുടെയും മറ്റും അടിക്കുറിപ്പുകള്‍, ബോള്‍ഡിലോ ഇറ്റാലിക്സിലോ കൊടുത്ത വാചകങ്ങള്‍, സംഗ്രഹം തുടങ്ങിയവ ഓടിച്ചുവായിക്കുക.
2. Question: കുറച്ചു ചോദ്യങ്ങള്‍ രൂപപ്പെടുത്തി എവിടെയെങ്കിലും എഴുതിവെക്കുക. ചോദ്യങ്ങള്‍ കിട്ടാന്‍ ഈ രീതികള്‍ ഉപയോഗിക്കാം:

    സബ്ഹെഡ്ഡിങ്ങുകളെ ചോദ്യങ്ങളാക്കി മാറ്റുക. (Gravity എന്ന തലക്കെട്ടിനെ Define gravity എന്ന ചോദ്യമാക്കാം.)
    പാഠത്തിനൊടുവിലെ മാതൃകാചോദ്യങ്ങള്‍ എടുത്തെഴുതുക.
    Survey വേളയില്‍ വല്ല സംശയങ്ങളും ഉടലെടുത്തുവെങ്കില്‍ അവയെ ഉള്‍പ്പെടുത്തുക.
    പാഠത്തിലെ വിവരങ്ങള്‍ക്ക് ദൈനംദിന ജീവിതത്തിലുള്ള പ്രസക്തിയെന്താണ് എന്നാലോചിക്കുക. ആ ഒരു കാഴ്ചപ്പാടില്‍ പാഠത്തില്‍നിന്ന് കൂടുതലായെന്താണറിയാനുള്ളത് എന്നത് ചോദ്യരൂപത്തിലെഴുതുക.

3. Read: പാഠം വായിക്കുക. കയ്യിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കുകയാവണം പ്രധാന ഉദ്ദേശ്യം. അവ്യക്തമോ ക്ലേശകരമോ ആയ ഭാഗങ്ങള്‍ക്ക് കൂടുതല്‍ സമയം കൊടുക്കുക.
4. Recite: ഓരോ സെക്ഷനും പിന്നിടുമ്പോള്‍ ചോദ്യങ്ങള്‍ വല്ലതിനും ഉത്തരം കിട്ടിയെങ്കില്‍ ആ ഉത്തരങ്ങള്‍ സ്വന്തം വാക്കുകളില്‍ ഒന്ന്‍ ഉരുവിട്ടുപറയുക.
5. Review: ഉരുവിട്ടുപറഞ്ഞപ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെട്ട ഭാഗങ്ങള്‍ ഒരാവര്‍ത്തി കൂടി വായിക്കുക. അടുത്ത ദിവസം ആ ഉത്തരങ്ങള്‍ മാത്രം ഒന്നുകൂടി ഉരുവിട്ടുനോക്കുക. ഏതെങ്കിലും പോയിന്‍റുകള്‍ അപ്പോഴും പ്രശ്നമാണെങ്കില്‍ അവ പ്രത്യേകം കാര്‍ഡുകളിലോ മറ്റോ കുറിച്ചുവെക്കുക. അടുത്ത മൂന്നുനാലു ദിവസങ്ങളില്‍ ആ കാര്‍ഡുകള്‍ ഒന്നോടിച്ചുനോക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ കാര്‍ഡുകള്‍ ഉണ്ടാക്കുക. പറ്റുമെങ്കില്‍ പാഠത്തിലെ വിവരങ്ങള്‍ വെച്ച് ചിത്രങ്ങളോ ചാര്‍ട്ടുകളോ നിര്‍മിക്കുകയും പാഠഭാഗങ്ങള്‍ മറ്റുള്ളവര്‍ക്കു വിശദീകരിച്ചു കൊടുക്കുകയും സഹപാഠികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക.

സ്റ്റഡിലീവ് വരെയൊന്നും കാക്കാതെ പുതിയൊരു ക്ലാസില്‍ കയറുമ്പോള്‍ത്തന്നെ SQ3R ഉപയോഗിച്ചു തുടങ്ങുന്നതാവും നല്ലത്. ഒരു പാഠം ക്ലാസില്‍ പഠിപ്പിക്കുന്നത്തിനു മുമ്പ് അത് ഒന്നു വായിച്ചിട്ടു പോവുന്നത് ക്ലാസ് ഒരു reviewവിന്‍റെ ഫലം ചെയ്യാനും പാഠഭാഗങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാകാനും സഹായിക്കും. ശാസ്ത്രവിഷയങ്ങള്‍ക്കാണ് ഈ രീതി കൂടുതലനുയോജ്യം — ഭാഷാവിഷയങ്ങള്‍ക്കും ഗണിതത്തിനും ഇത് അത്ര ഫലം ചെയ്തേക്കില്ല.


5. KWL // അറിയാവുന്നത്. അറിയേണ്ടത്. അറിഞ്ഞത്.

പുതിയ വിവരങ്ങളെ മുമ്പേയറിയാവുന്ന കാര്യങ്ങളുമായി കണക്റ്റുചെയ്തു പഠിക്കുന്നത് ഗ്രാഹ്യശേഷിയും ഓര്‍മയും മെച്ചപ്പെടുത്തും. ഈ തത്വം പ്രയോജനപ്പെടുത്തുന്ന ഒരു പഠനരീതിയാണ് KWL. ഇതും കൂടുതലഭികാമ്യം ശാസ്ത്രവിഷയങ്ങള്‍ക്കാണ്. മൂന്നു ഘട്ടങ്ങളിലായാണ് ഇവിടെ പഠനം നടക്കുന്നത്:

1. വായന തുടങ്ങുംമുമ്പ് ആ പാഠത്തെക്കുറിച്ച് മുമ്പേതന്നെ എന്തൊക്കെയറിയാം എന്ന് KWL ചാര്‍ട്ടിന്‍റെ (പട്ടിക 1) ആദ്യകോളത്തില്‍ എഴുതുക. സ്കൂളിലോ ട്യൂഷനിലോ മറ്റോ കേട്ട വിവരങ്ങള്‍ ഇങ്ങിനെയെഴുതാം. ആ പോയിന്‍റുകളെ വിവിധ തലക്കെട്ടുകളിലായി വേര്‍തിരിക്കുകയും ചെയ്യാം.

 
2. ആ പാഠത്തില്‍നിന്ന് എന്തൊക്കെ അറിയാനാഗ്രഹിക്കുന്നു എന്ന് അടുത്ത കോളത്തില്‍ ചോദ്യരൂപത്തില്‍ എഴുതുക. ചോദ്യങ്ങള്‍ നിര്‍മിക്കാന്‍ SQ3R-ലെയതേ രീതികള്‍ ഉപയോഗിക്കാം. ആദ്യകോളത്തിലെ പോയിന്‍റുകളെപ്പറ്റി “ഇതേക്കുറിച്ച് കൂടുതലെന്താണറിയേണ്ടത്?” എന്ന രൂപത്തില്‍ ചോദ്യങ്ങളുണ്ടാക്കുകയുമാവാം.
3. പാഠം വായിക്കുക. പുതുതായി എന്തൊക്കെപ്പഠിക്കാനായി എന്ന് അവസാനകോളത്തില്‍ സ്വന്തം വാക്കുകളില്‍ എഴുതുക. (ഇത് വായനക്കിടയില്‍ത്തന്നെയോ പാഠം മുഴുവനും വായിച്ചുകഴിഞ്ഞിട്ടോ ചെയ്യാം.) രണ്ടാംകോളത്തിലെ ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇവിടെയുള്‍പ്പെടുത്താം. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടിയോ എന്നു പരിശോധിക്കുക. പാഠത്തിന് ഉത്തരം തരാനാവാതെപോയ ചോദ്യങ്ങളെപ്പറ്റി അനുയോജ്യമായ മറ്റു സ്രോതസ്സുകളില്‍നിന്ന് വിവരം ശേഖരിക്കുക.


6. DECISION MAKING // ചിന്താക്കുഴപ്പങ്ങള്‍ക്ക് ഒരൊറ്റമൂലി


ഈ കോഴ്സാണോ ആ കോഴ്സാണോ നല്ലത്? ഈ സ്കൂളിലാണോ അതോ ആ സ്കൂളിലാണോ ചേരേണ്ടത്? ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്കുള്ള ഒരു പരിഹാരമാര്‍ഗമിതാ:

1. താഴെക്കൊടുത്ത പോലെ ഒരു പട്ടികയുണ്ടാക്കുക. പരിഗണിച്ചുകൊണ്ടിരിക്കുന്ന ഓപ്ഷനുകളെ മുകളിലെ വരിയില്‍ പല കോളങ്ങളിലായി എഴുതുക.


2. ഏതൊക്കെ ഘടകങ്ങളാണ് നിങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുക എന്നത് ഏറ്റവുമിടത്തേക്കോളത്തില്‍ പല വരികളിലായി എഴുതുക.
3. ആ ഘടകങ്ങളോരോന്നും നിങ്ങള്‍ക്ക് എത്രത്തോളം പ്രധാനമാണ് എന്നതിന് ഒന്നു മുതല്‍ അഞ്ചുവരെയുള്ള ഒരു മാര്‍ക്കിട്ട് തൊട്ടടുത്ത കോളത്തില്‍ എഴുതുക.
4. ഓരോ ഓപ്ഷനും ഇതില്‍ ഓരോ ഘടകത്തിന്‍റെയും കാര്യത്തില്‍ എത്രത്തോളം നിലവാരമുണ്ട് എന്നതിന് ഒന്നു മുതല്‍ അഞ്ചുവരെയുള്ള ഒരു മാര്‍ക്കിട്ട് അതാത് ഓപ്ഷനുകള്‍ക്കു താഴെയുള്ള “നിലവാരം” എന്ന കോളത്തില്‍ എഴുതുക.
5. ഓരോ ഘടകത്തിന്‍റെയും പ്രാധാന്യത്തിനും അതിന് ഓരോ ഓപ്ഷനുമുളള നിലവാരത്തിനും കൊടുത്ത മാര്‍ക്കുകള്‍ തമ്മില്‍ ഗുണിച്ച് അതാത് ഓപ്ഷനു താഴെ എഴുതുക.
6. ഓരോ ഓപ്ഷനും കിട്ടിയ വിവിധ മാര്‍ക്കുകള്‍ കൂട്ടുക.
7. ഏറ്റവും മാര്‍ക്കു കിട്ടിയ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അഥവാ ആ ഓപ്ഷനല്ല ഏറ്റവും മികച്ചത് എന്നു തോന്നുന്നുവെങ്കില്‍ കൊടുത്ത മാര്‍ക്കുകളുടെ ഒരു പുന:പരിശോധന നടത്തുക. ആവശ്യമെങ്കില്‍ കുറച്ചുകൂടി അന്വേഷണങ്ങള്‍ നടത്തുകയോ കൂടുതല്‍പ്പേരോട് അഭിപ്രായമാരായുകയോ ചെയ്യുക.


7. PROBLEM SOLVING TECHNIQUES // പ്രശ്നപരിഹാരത്തിന്‍റെ പടവുകള്‍

പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ ഉപയോഗപ്പെടുത്താവുന്ന ചില നടപടികളെ പരിചയപ്പെടാം:

1. ഏതൊക്കെ പെരുമാറ്റങ്ങളും സാഹചര്യങ്ങളുമാണ് പ്രശ്നത്തിന്‍റെ ചേരുവകള്‍ എന്നു തിരിച്ചറിയുക. എന്താണ് ശരിക്കും പ്രശ്നം എന്ന് കൃത്യമായും വ്യക്തമായും നിര്‍വചിക്കുക. (ഉദാ:- “നാളെ ഇംഗ്ലീഷ് പരീക്ഷയും മറ്റന്നാള്‍ പ്രസംഗമത്സരവും ഉണ്ട്. രണ്ടിനും കൂടി തയ്യാറെടുക്കാന്‍ സമയം കുറവാണ്.”)
2. പ്രശ്നപരിഹാരത്തിന് ഉപയോഗിക്കാവുന്നതെന്നു തോന്നുന്ന മാര്‍ഗങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. (ഉദാ:- “മറ്റന്നാള്‍ രാവിലെ ട്യൂഷനു പോവാതിരിക്കാം.” “പതിവുപോലെ സ്കൂള്‍ബസ്സിനെ ആശ്രയിക്കാതെ ചേട്ടനോട് ബൈക്കില്‍ കൊണ്ടുവിടാന്‍ പറയാം.”) അവ പ്രായോഗികമാണോ, പൂര്‍ണമായും ഫലംചെയ്തേക്കുമോ എന്നൊന്നും ഇപ്പോള്‍ പരിഗണിക്കേണ്ടതില്ല. സുഹൃത്തുകളുടെയും കുടുംബാംഗങ്ങളുടെയുമൊക്കെ അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിക്കുക.
3. ലിസ്റ്റില്‍ച്ചേര്‍ത്ത ഓരോ മാര്‍ഗത്തിന്‍റെയും മെച്ചങ്ങളും ദോഷങ്ങളും പട്ടിക 3-ലേതു പോലെ താരതമ്യം ചെയ്യുക.


4. കൂട്ടത്തില്‍ ഏറ്റവും പ്രയോജനകരവും പ്രശ്നരഹിതവും എന്നു തോന്നുന്ന ഒരു മാര്‍ഗം തെരഞ്ഞെടുക്കുക. അത് നടപ്പിലാക്കാനുള്ള വഴികള്‍ തീരുമാനിക്കുകയും വേണ്ട സാധനസമ്പത്തുകള്‍ സ്വരുക്കൂട്ടുകയും ചെയ്യുക. ആര്, എപ്പോള്‍, എന്തു ചെയ്യും എന്ന് നിശ്ചയിക്കുക.
5. ആ മാര്‍ഗം പ്രാവര്‍ത്തികമാക്കുക.
6. ഉദ്ദേശിച്ച ഫലം കിട്ടുന്നുണ്ടോ എന്നു നിരീക്ഷിക്കുക. ഇല്ല എങ്കില്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള മാര്‍ഗത്തിലേക്കു മാറുക.


8. ASSERTIVENESS // പറ്റില്ലെന്നു പറയാം


മറ്റുള്ളവരെ വിഷമിപ്പിക്കരുത് എന്ന ഉദ്ദേശത്തോടെ ആരെന്താവശ്യപ്പെട്ടാലും മറുത്തുപറയാതെ അത് ഏറ്റെടുത്ത് ചെയ്തുതീര്‍ത്തു കൊടുക്കുന്നവരുണ്ട്. ഈ ശീലം പക്ഷേ ആത്മാഭിമാനത്തിന്‍റെ നാശത്തിനും മാനസികസമ്മര്‍ദ്ദത്തിനുമൊക്കെ വഴിവെക്കാം. മറുവശത്ത്‌, ആവശ്യങ്ങള്‍ നിരത്തുന്നവരെ തീര്‍ത്തും അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതും, എപ്പോഴും സ്വാര്‍ത്ഥചിന്താഗതിയോടെ പെരുമാറുന്നതുമൊന്നും ആരോഗ്യകരമായ ശീലങ്ങളല്ല താനും. ഈ രണ്ടു രീതികള്‍ക്കുമിടയിലുള്ള, മറ്റുള്ളവരുടെ അവകാശങ്ങളെയോ വികാരങ്ങളെയോ ഹനിക്കാത്ത വിധത്തില്‍ സ്വന്തം ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും തീരുമാനങ്ങളെയുമൊക്കെ വ്യക്തമായി, വളച്ചുകെട്ടില്ലാതെ, വൈക്ലബ്യമോ കുറ്റബോധമോ കൂടാതെ പ്രകടിപ്പിക്കുന്ന രീതിയാണ് ഏറ്റവും ഗുണകരം. ഈ രീതിയവലംബിക്കുമ്പോള്‍ ഉപയോഗിക്കാവുന്ന ചില നടപടികള്‍ താഴെപ്പറയുന്നു:
നടത്തിക്കൊടുക്കാനാവാത്ത ആവശ്യങ്ങള്‍ നേരിടുമ്പോള്‍

    പറ്റില്ല എന്നു പറയുമ്പോള്‍ മറ്റേയാളുടെ മുഖത്തുതന്നെ നോക്കുക. എന്നാല്‍ തുറിച്ചുനോട്ടം ഒഴിവാക്കുക. കഴിയുന്നത്ര ചുരുങ്ങിയ വാക്കുകളില്‍ കാര്യമവതരിപ്പിക്കുക. അനുയോജ്യമായ ശരീരഭാഷ കൂടി ഉപയോഗപ്പെടുത്തുക.
    സ്വന്തമഭിപ്രായം വെളിപ്പെടുത്തുംമുമ്പ് മറ്റേയാളുടെ താല്‍പര്യം ഇന്നതാണ് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ക്കുക. (ഉദാ- ”ഇപ്പോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യേണ്ടത് ചേച്ചിയെ സംബന്ധിച്ചേടത്തോളം പ്രധാനമാണ് എന്നെനിക്കറിയാം. പക്ഷേ എനിക്കു നാളെ പരീക്ഷയായതു കൊണ്ടാണ് ഇപ്പോള്‍ ഞാന്‍ കടയില്‍പ്പോവാന്‍ റെഡിയല്ലാത്തത്.”)
    ആവശ്യപ്പെട്ട കാര്യത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗമോ, അല്ലെങ്കില്‍ പകരം അതേ ഫലം കിട്ടുന്ന വേറെ വല്ല കാര്യങ്ങളോ ചെയ്തുകൊടുക്കാന്‍ പറ്റുമെങ്കില്‍ അങ്ങിനെ ചെയ്യുക.
    പെട്ടെന്ന് വിശദീകരണങ്ങളൊന്നും നാവില്‍ വരുന്നില്ലെങ്കില്‍  “ഒന്നാലോചിച്ചിട്ട് മറുപടി പറയാം” എന്നറിയിക്കുക. എന്നിട്ട് തക്കതായ മറുപടി ചിട്ടപ്പെടുത്തി അത് പങ്കുവെക്കുക.

പൊതുവില്‍ ശ്രദ്ധിക്കാന്‍

    മറ്റുള്ളവരോട് വിയോജിക്കുമ്പോഴും അവര്‍ക്കു വേണ്ടത്ര കാതുകൊടുക്കുകയും പരസ്പരബഹുമാനത്തോടെ മാത്രം പ്രതികരിക്കുകയും ചെയ്യുക.
    മറ്റുള്ളവരെ കുറ്റപ്പെടുത്തിയോ താഴ്ത്തിക്കെട്ടിയോ പറയാതെ “എന്‍റെ താല്‍പര്യം ഇന്നതാണ്.”, “എന്‍റെ തീരുമാനം ഇതാണ്.” എന്ന രീതിയില്‍ കാര്യങ്ങളവതരിപ്പിക്കുക.
    നിങ്ങളുടെ ആവശ്യങ്ങള്‍ മറ്റുള്ളവരോടു തുറന്നുപറയുക. അല്ലാതെ അവര്‍ അതൊക്കെ ഊഹിച്ചറിഞ്ഞ് പരിഹരിച്ചുതരും എന്നു പ്രതീക്ഷിക്കാതിരിക്കുക.
    സ്വന്തം പിഴവുകള്‍ അംഗീകരിക്കാനും ആവശ്യമെങ്കില്‍ ക്ഷമാപണം നടത്താനും മടി വിചാരിക്കാതിരിക്കുക. എന്നാല്‍ ചെറിയ പിഴവുകള്‍ക്കൊന്നും ക്ഷമാപണം നടത്താന്‍ പോവാതിരിക്കുക.
    ചെറിയ പിഴവുകളുടെ പേരില്‍ അനാവശ്യമായി സ്വയം വിമര്‍ശിക്കാതിരിക്കുക.
    ഇടക്കൊക്കെ മറ്റുള്ളവരുടെ സഹായം തേടുന്നതില്‍ മോശകരമായി ഒന്നുമില്ല എന്നോര്‍ക്കുക.
    കൂടെയുള്ളവരെയെല്ലാം എപ്പോഴും സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും ഒരാള്‍ക്കുമാവില്ല എന്നോര്‍ക്കുക.
    ഈ രീതിയില്‍ പെരുമാറുമ്പോള്‍ മറ്റുള്ളവര്‍ അനുചിതമായ രീതിയില്‍ പ്രതികരിക്കുകയാണെങ്കില്‍ അതിന്‍റെ കുറ്റം സ്വന്തം ചുമലില്‍ ചാരാതിരിക്കുക.

9. REFUSAL SKILLS // കൂട്ടുകാര്‍ ലഹരി നീട്ടുമ്പോള്‍

മദ്യത്തിനോ ലഹരിപദാര്‍ത്ഥങ്ങള്‍ക്കോ അടിപ്പെട്ട് ചികിത്സക്കെത്തുന്നവരില്‍ നല്ലൊരു പങ്കും പഠനകാലത്ത് കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി അവ ഉപയോഗിച്ചുതുടങ്ങിയവരാണ്. ഒരാളുടെ തലച്ചോറിന്‍റെ വളര്‍ച്ച പൂര്‍ണമാകുന്നത് 23-25 വയസ്സോടെയാണ് എന്നതിനാല്‍ അതിനു മുമ്പുള്ള ഏതൊരു ലഹരിയുപയോഗവും തലച്ചോറിന്‍റെ വികാസത്തില്‍ ദുസ്സ്വാധീനം ചെലുത്തുകയും ഭാവിയില്‍ അഡിക്ഷന്‍ രൂപപ്പെടാനുള്ള സാദ്ധ്യത കൂട്ടുകയും ചെയ്യുന്നുണ്ട്. സ്കൂളുകളിലും മറ്റും ലഹരിയുപയോഗം വ്യാപകമായ ഇക്കാലത്ത് കൂട്ടുകാരുടെ ഇത്തരം നിര്‍ബന്ധങ്ങളോട് ചെറുത്തുനില്‍ക്കുന്നതെങ്ങനെ എന്നറിഞ്ഞുവെക്കേണ്ടത് അത്യാവശ്യമാണ്.

    മുഖത്തേക്കു നോക്കി, വ്യക്തവും അസന്ദിഗ്ദ്ധവുമായ ശബ്ദത്തില്‍ “വേണ്ട” എന്നുപറയുക. കഴിവതും ചുമ്മാ ഒഴികഴിവുകള്‍ പറയാതിരിക്കുക.
    വിഷയം മാറ്റാന്‍ നോക്കുക. വേണമെങ്കില്‍ മറ്റെന്തെങ്കിലും പ്രവൃത്തികള്‍ക്ക് – നടക്കാന്‍ പോവുക, ടീവി കാണുക – കൂട്ടുതരാം എന്നറിയിക്കുക. എന്തുകൊണ്ട് “വേണ്ട” എന്നുപറയുന്നു എന്നതിനെപ്പറ്റി വിശദമായ ചര്‍ച്ചകള്‍ക്കു നില്‍ക്കാതിരിക്കുക.
    എന്നിട്ടും നിര്‍ബന്ധം തുടരുന്നവരോട് അതു നിര്‍ത്താന്‍ ആജ്ഞാപിക്കുക.

10. THOUGHT RECORD // വികലചിന്തകളെ ആട്ടിപ്പായിക്കാം

ചെറിയ കാര്യങ്ങളില്‍പ്പോലും വല്ലാതെ സങ്കടപ്പെടുകയോ ടെന്‍ഷനടിക്കുകയോ ചെയ്യുന്നവരുണ്ട്. പലപ്പോഴും അവരുടെ അടിസ്ഥാനപ്രശ്നം മനസ്സിലേക്കു വരുന്ന വികലചിന്തകളെ ഒരു വിശകലനവും കൂടാതെ കണ്ണുമടച്ച് വിശ്വസിക്കുക എന്നതാണ്. ഉദാഹരണത്തിന്, പരീക്ഷയുടെ ഡേറ്റ് വന്നു എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു കുട്ടി “അയ്യോ, ഞാനെങ്ങാനും ഇതില്‍ തോറ്റുപോയാല്‍ അച്ഛന്‍ എങ്ങിനെ പ്രതികരിക്കും?!” എന്നാലോചിച്ച് പേടിക്കുകയും വിഷമിക്കുകയും ചെയ്യാം. ഇത്തരക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു വിദ്യയിതാ:

    അമിതമായ ദേഷ്യമോ ടെന്‍ഷനോ സങ്കടമോ ഒക്കെത്തോന്നുമ്പോള്‍ അവയുടെ തീവ്രതക്ക് അനുയോജ്യമായ ഒരു മാര്‍ക്കു കൊടുക്കുക.
    അതിനു തൊട്ടുമുമ്പ് എന്തു ചിന്തകളാണ് മനസ്സിലൂടെക്കടന്നുപോയത് എന്നു പരിശോധിക്കുക.
    ആ ചിന്തകളില്‍ വല്ല പന്തികേടുകളും ഉണ്ടോ എന്നു വിശകലനം ചെയ്യുക. ആ ചിന്തകള്‍ തെറ്റാണ് എന്നു സമര്‍ത്ഥിക്കുന്ന കുറച്ചു മറുവാദങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുക. (അത് സ്വന്തം ചിന്തയല്ല, മറ്റാരോ നമ്മോടു പറഞ്ഞ അഭിപ്രായമാണ് എന്ന രീതിയില്‍ മറുവാദങ്ങളാലോചിക്കുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും നല്ല മറുവാദങ്ങള്‍ കിട്ടാന്‍ സഹായിച്ചേക്കും.)
    ആ ചിന്തകളുടെ പൊള്ളത്തരം ബോദ്ധ്യമായിക്കഴിഞ്ഞാല്‍ അനുഭവിച്ചുകൊണ്ടിരുന്ന സങ്കടത്തിനോ ടെന്‍ഷനോ പുതിയൊരു മാര്‍ക്ക് കൊടുക്കുക — അതിന്‍റെ തീവ്രത കുറഞ്ഞതായിക്കാണാം.

(ഈ വിദ്യ എഴുതിച്ചെയ്യാവുന്ന ഒരു രീതി ഉദാഹരണസഹിതം പട്ടിക 4-ല്‍ കൊടുത്തിരിക്കുന്നു.)11. DIAPHRAGMATIC BREATHING // ആശ്വാസമേകുന്ന ശ്വാസനിശ്വാസങ്ങള്‍

നെഞ്ചിനും വയറിനുമിടക്കുള്ള ഡയഫ്രം എന്ന മസില്‍ നന്നായുപയോഗിച്ചു ശ്വാസമെടുക്കുന്നത് മാനസികസമ്മര്‍ദ്ദം കുറയാന്‍ സഹായിക്കും.


    അയവുള്ള വസ്ത്രങ്ങളണിഞ്ഞ്, ഒന്നോ രണ്ടോ തലയിണകള്‍ വെച്ച്, കാല്‍മുട്ടുകള്‍ ചെറുതായി മടക്കി കിടക്കുക. (ചിത്രങ്ങള്‍ 1-3)
    ഒരു കൈ നെഞ്ചിന്‍റെ മുകള്‍ഭാഗത്തും മറ്റേക്കൈ വയറിനു മുകളിലും വെക്കുക.
    മൂ‍ക്കിലൂടെ ശ്വാസം പതിയെ അകത്തേക്കെടുക്കുക. വയറ്റില്‍വെച്ച കൈ പൊങ്ങുന്നുണ്ടെന്നും നെഞ്ചിലെ കൈ അധികമിളകുന്നില്ലെന്നും ഉറപ്പുവരുത്തുക.
    കവിളുകള്‍ വീര്‍പ്പിച്ച് വായിലൂടെ ശ്വാസം പതിയെ പുറത്തേക്കു വിടുക. ഒപ്പം വയറ്റിലെ പേശികളില്‍ ബലംകൊടുത്ത് അവയെ ഉള്ളിലേക്കു വലിക്കുക. നെഞ്ചിലെ കൈ അധികം ഇളകാതെ നോക്കുകയും വേണം.
    അഞ്ചുമുതല്‍ പത്തുമിനിട്ടു വരെ നേരത്തേക്ക് ഇതേ സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക.
    അല്‍പം പരിചയമായിക്കഴിഞ്ഞാല്‍ ഇത് ഇരുന്നും ചെയ്യാം (ചിത്രം 4). കാല്‍മുട്ടുകള്‍ മടക്കി, തോളിലും കഴുത്തിലും അയവുകൊടുത്തു വേണം ഇരിക്കാന്‍. ബാക്കി സ്റ്റെപ്പുകളെല്ലാം മുകളില്‍പ്പറഞ്ഞ രീതിയില്‍ത്തന്നെ ചെയ്യാം.രണ്ടാഴ്ചയോളം പരിശീലിച്ച ശേഷം മാത്രം ഇത് സമ്മര്‍ദ്ദവേളകളില്‍ ഉപയോഗിക്കുന്നതാവും നല്ലത്.
12. CREATIVE VISUALIZATION // അകക്കണ്ണുകളിലെ ശാന്തിദൃശ്യങ്ങള്‍

പരീക്ഷാവേളകളിലും മറ്റും വല്ലാതെ ടെന്‍ഷനനുഭവപ്പെടുമ്പോള്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗമാണിത്.

    സൌകര്യപ്രദമായ ഒരു പൊസിഷനില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക.
    രണ്ടുമൂന്നു പ്രാവശ്യം ആഴത്തില്‍ ശ്വാസം വലിച്ചുവിടുക.
    പുറംലോകത്തെ ശ്രദ്ധിക്കുന്നത് കഴിവത്ര ചുരുക്കി, ശ്രദ്ധ സ്വന്തം മനസ്സിലും ശരീരത്തിലുമായി കേന്ദ്രീകരിക്കുക.
    നേരിട്ടവിടെച്ചെന്നാല്‍ നല്ല മനശ്ശാന്തി കിട്ടാറുള്ള ഒരു സ്ഥലം – പുഴക്കരയോ പൂന്തോട്ടമോ മറ്റോ – ഉള്‍ക്കണ്ണുകളില്‍ സങ്കല്‍പ്പിക്കുക.
    ദൃശ്യം മാത്രമല്ല, ആ സ്ഥലത്തെ ശബ്ദങ്ങള്‍, സ്പര്‍ശങ്ങള്‍, ഗന്ധങ്ങള്‍ എന്നിവയും മനസ്സിലേക്കു കൊണ്ടുവരിക.
                                                          

                                                                         ഡോ. ഷാഹുല്‍ അമീന്‍                              കടപ്പാട് :  അവര്‍കിഡ്സ്‌ 

Related posts


പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ !
പരീക്ഷാപ്പേടി അകറ്റാൻ ! ചില വിദ്യകൾ


Saturday, May 21, 2016

PLUS ONE ADMISSION 2016 - 17


PLUS ONE ADMISSION                 ഈ വര്‍ഷത്തെ പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിന് മേയ് 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മേയ് 31ആണ് അവസാന തീയതി. ട്രയല്‍ അലോട്ട്മെന്‍റ് ജൂണ്‍ ഏഴിനും ആദ്യ അലോട്ട്മെന്‍റ് 13നും നടക്കും. ക്ളാസുകള്‍ ജൂണ്‍ 27ന് ആരംഭിക്കും. www.hscap.kerala.gov.in ലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാതല സീറ്റുകളുടെയും ബാച്ചുകളുടെയും വിശദാംശങ്ങള്‍ ഇതില്‍ ലഭിക്കും.
സ്വന്തമായോ 10ാംതരം പഠിച്ചിരുന്ന സ്കൂളിലെ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗപ്പെടുത്തിയോ അപേക്ഷ നല്‍കാം. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാനും പ്രിന്‍റൗട്ടും അനുബന്ധ രേഖകളും സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ സമര്‍പ്പിക്കാനും മേയ് 31വരെയാണ് സമയം. മുഖ്യഘട്ടത്തില്‍ രണ്ട് അലോട്ട്മെന്‍റുകള്‍ക്കുശേഷം ജൂണ്‍ 27ന് പ്ളസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കും. പ്രധാന അലോട്ട്മെന്‍റുകള്‍ക്കുശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തി ശേഷിക്കുന്ന ഒഴിവുകള്‍ നികുത്തും. ജൂലൈ 30ന് പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കും.


Wednesday, May 18, 2016

തെരഞ്ഞെടുപ്പ് ഫലമറിയാന്‍ പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ്


 പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ്                    സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം അറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി  140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി PRD ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭിക്കും  അന്തിമ ഫലപ്രഖ്യപനം വരെ കൃത്യതയോടെ വിവരങ്ങള്‍ അറിയാവുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനടിസ്ഥാനത്തില്‍ ഓരോ മുന്നണിയുടെയും ലീഡ് , സീറ്റ് നില എന്നിവ പി ആര്‍ ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ്‌നില, ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ട് തുടങ്ങി വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏറ്റവും ആദ്യം ലഭിക്കും.  വോട്ടെണ്ണല്‍ ദിവസമായ 19 ന് രാവിലെ 8 മണിമുതല്‍ ഈ സേവനം ലഭ്യമാകും ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (NIC) എന്നിവയുടെ സാങ്കേതിക സഹായത്തോടെ തെരഞ്ഞെടുപ്പു കമ്മീഷനുമായി സഹകരിച്ചാണ് പി ആര്‍ ഡി ലൈവ് വോട്ടെടുപ്പു പ്രത്യേക വാര്‍ത്തകള്‍ നല്‍കുന്നത്  ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്  അന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള സ്മാര്‍ട്ട് ഫോണില്‍  ഉപയോഗിക്കാവുന്ന  PRDLIVE  app പ്ലേ സ്റ്റോറിൽ നിന്ന് ഡൗണ്‍ലോഡ്  ചെയ്തോ ചുവടെ നിന്ന്  ഡൗണ്‍ലോഡ്  ചെയ്തോ ഉപയോഗിക്കാം 


DOWNLOAD
Saturday, May 14, 2016

TEACHER TEXT | HAND BOOKS - STANDARD 9 AND STANDARD 10


                          ഏപ്രിൽ  26മുതൽ  ആരംഭിക്കുന്ന അധ്യാപക   പരിശീലനത്തിനാവശ്യമായ പരിഷ്‌കരിച്ച  9 , 10 പാഠപുസ്തകങ്ങളുടെ ടീച്ചര്‍ ടെക്സ്റ്റുകളുടെ ഭാഗങ്ങൾ   എസ് .സി.ഇ.ആര്‍.ടി  പ്രസിദ്ധീകരിച്ചിരിക്കുന്നു.ചുവടെയുള്ള ലിങ്കുകളിൽ നിന്നും ഇവ ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .
HAND BOOKS - STANDARD 9 AND STANDARD 10


Teacher Text X

Chemistry (Chapter 1)  (Chapter 2)
Social Science I (Chapter 1)  (Chapter 2)
Social Science II
Mathematics (Chapter 1)  (Chapter 2)

Tuesday, May 10, 2016

HIGHER SECONDARY RESULT 2016 | PLUS TWO RESULT 2016


HIGHER SECONDARY RESULT 2016                        പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റ് പി.ആർ.ചേംബറിൽ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണെന്നാണ് വിവരം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഇരട്ട മൂല്യനിർണയമാണ് നടത്തിയത്. രണ്ട് മൂല്യനിർണയത്തിലും പത്ത് ശതമാനത്തിലധികം മാർക്ക് വ്യത്യാസമുള്ള പേപ്പറുകൾ മൂന്നാമതും മൂല്യനിർണയം നടത്തി. 53 വിഷയങ്ങളിൽ 4.67ലക്ഷം കുട്ടികളാണ് പ്ലസ്ടു പരീക്ഷയെഴുതിയത്. ഫലം ലഭ്യമാവുന്ന വെബ്സൈറ്റുകൾ ചുവടെ ചേർക്കുന്നു 


RESULT LINKS


SCHOOLWISE RESULT


www.kerala.gov.in
www.cdit.org
www.dhsekerala.gov.in
www.keralaresults.nic.in
www.results.itschool.gov.in
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in

Tuesday, May 03, 2016

BIOLOGY TEXT BOOK - STANDARD 9


BIOLOGY TEXT BOOK - STANDARD 9                വെക്കേഷൻ ട്രെയിനിംഗ്  ക്ലാസ്സുകൾ ആരംഭിച്ചുവെങ്കിലും പുതുക്കിയ പാഠപുസ്തകങ്ങൾ എല്ലാ അധ്യാപരുടേയും  കൈവശം  ഇനിയും ലഭ്യമായിട്ടില്ല  ഈയവസരത്തിൽ ഒമ്പതാം  ക്ലാസ്സ്‌  ജീവശാസ്ത്രം പാഠപുസ്തകം പൂർണരൂപത്തിൽ പി ഡി എഫ്  ആയി പ്രസിദ്ധീകരിക്കുന്നു.ഇപ്പോൾ നടന്നുവരുന്ന ട്രെയിനിംഗ്  ക്ലാസ്സുകൾക്ക്‌   ഇത് ഏറെ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു.


BIOLOGY TEXT BOOK STANDARD 9


DOWNLOAD
Related postRelated Posts Plugin for WordPress, Blogger...