New Posts

കട്ടെടുത്തില്ലേ, എന്റെ അവധിക്കാലം


കട്ടെടുത്തില്ലേ, എന്റെ അവധിക്കാലം



              'ആറ്റുനോറ്റു കിട്ടിയ അവധിക്കാലമാണ്. കളിച്ചും തിമര്‍ത്തും അടിച്ചുപൊളിക്കാമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ട്യൂഷന്‍ സെന്ററില്‍നിന്ന് കുട്ട്യോളെ പിടുത്തക്കാര്‍ വന്നത്. അടുത്ത കൊല്ലത്തേക്കുള്ളത് ഇപ്പോഴേ പഠിച്ചു തുടങ്ങണമത്രേ. ട്യൂഷന്‍ കുറച്ചു നേരമല്ലേ ഉള്ളൂ എന്നു കരുതി സമാധാനിച്ച് വീട്ടിലേക്ക് കേറിച്ചെല്ലുമ്പോഴതാ മോറല്‍ ക്ലാസ്സിന്റെ നോട്ടീസ്. ഉമ്മ പറയുന്നു, എന്തായാലും പോകണമെന്ന്. കുട്ടികളെ നന്നാക്കാനുള്ള ക്ലാസ്സാണത്രേ. 'ഞാന്‍ നല്ല കുട്ടിയല്ലേ' എന്നു ചോദിച്ചപ്പോള്‍ 'പോര, ഇനീം നന്നാവണ'മെന്ന് മറുപടി. അതു കഴിഞ്ഞപ്പോള്‍ അടുത്ത കുരിശ്. ഇനി എന്നെ വേണ്ടത് ഭാസ്‌കരേട്ടനും സംഘത്തിനുമാണ്. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന വാസനകള്‍ കണ്ടെത്താന്‍ അവര്‍ പത്തു ദിവസത്തെ വേനല്‍ ക്യാമ്പ് നടത്തുന്നുണ്ടത്രേ. ഞാന്‍ ഉള്ളില്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്ന് കുറെ പറഞ്ഞു നോക്കി. അപ്പോഴേക്കും ഉമ്മ കാശടച്ച് ക്യാമ്പിന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരുന്നു.

                  ഇതു വല്ലാത്ത ചെയ്ത്തായിപ്പോയി എന്ന് മുരണ്ടപ്പോള്‍ ആ ക്യാമ്പ് മിസ്സ് ചെയ്താല്‍ സെബാസ്റ്റിയന്റെ മോനൊക്കെ മോളീക്കേറി പോകുമെന്ന് ഉപ്പയുടെ കമന്റ്. മോളീക്കേറി സെബാസ്റ്റ്യന്റെ മോന്‍ ആകാശം മുട്ടിയാലും ഞാന്‍ ക്യാമ്പിന് പോകില്ലെന്നു വാശിപിടിച്ചപ്പോള്‍ ചൂരലെടുത്ത് തല്ലിയോടിച്ചു. കളിക്കാനുള്ള എല്ലാ അവസരവും നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ എന്റെ വാസനകളൊന്നും അധികം പുറത്തുവന്നില്ല. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സ്‌കൂളില്‍നിന്ന് അറിയിപ്പ് എത്തിയിരിക്കുന്നു. ഇത്തവണ നേരത്തെ ക്ലാസ്സ് തുടങ്ങുമത്രേ. അവധിക്കാലം അവസാനിക്കുന്നതിന്റെ ഇരുപത് ദിവസം മുമ്പ്. ഇപ്പോഴേ ഒരുങ്ങിയില്ലെങ്കില്‍ വിജയ ശതമാനം വര്‍ധിപ്പിക്കാനാവില്ലെന്നാണ് സ്‌കൂളുകാര്‍ പറയുന്നത്. പിന്നെ എന്തിനാണിവര്‍ രണ്ടു മാസത്തെ വേനലവധി എന്നൊക്കെ വിളിച്ചു കൂവിയതെന്ന് ആരോടു ചോദിക്കാനാണ്..? എല്ലാം തീര്‍ന്നു. അവധിക്കാലം വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഇനി ഞാന്‍ സ്‌കൂളില്‍ പോകട്ടെ''....

              അവധിക്കാലത്തിന്റെ അരികും മൂലയും നടുക്കഷ്ണവും കട്ടെടുത്ത പുതിയ കാലത്തിന്റെ ചുറ്റുപാടുകളോട് രോഷത്തോടെ പ്രതികരിക്കുന്ന ബാല്യത്തിന്റെ സങ്കടങ്ങളാണിത്. കുട്ടികള്‍ എന്താവണമെന്നും എങ്ങനെയാവണമെന്നും അവരെ അറിയിച്ചു കൊടുത്ത അവധിക്കാലങ്ങള്‍ ഇന്നില്ല. ഉള്ളഴിഞ്ഞ് ആര്‍പ്പുവിളിച്ച് പുഴയിലേക്കും കുളത്തിലേക്കും മറിഞ്ഞു ചാടിയ കുട്ടിക്കാലം അവര്‍ക്കില്ല. അവധിക്കാലം വരുന്നുവെന്ന് കേള്‍ക്കുമ്പോഴേ അവരെ കൊത്തിവലിക്കാന്‍ കഴുകന്മാര്‍ കാത്തിരിപ്പാണ്. അത് സ്‌കൂളാവാം, സാംസ്‌കാരിക സംഘടനകളാവാം, മത സംഘടനകളാവാം, പള്ളിയാവാം, പട്ടക്കാരാവാം. ചിലപ്പോള്‍ കുറഞ്ഞ ചെലവില്‍ അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍. ഗെയിം കളിക്കാനുള്ള പരിശീലനമാണ് പല ക്ലാസ്സുകളില്‍നിന്നും കിട്ടുന്നത്. എന്തൊക്കെയായാലും നഷ്ടപ്പെടുന്നത് അവധിക്കാലം തന്നെ. കൊല്ലത്തില്‍ രണ്ടു മാസമെങ്കിലും മനസ്സു തുറന്നൊന്ന് ചിരിച്ചുല്ലസിക്കാന്‍ നമ്മുടെ കുട്ടികളെ അനുവദിച്ചു കൂടേ..?

             പാപം ചെയ്യുമ്പോഴാണ് പറുദീസാ നഷ്ടം സംഭവിക്കുന്നത്. എന്നാല്‍ ഈ പാവം കുട്ടികള്‍ എന്തു പാപം ചെയ്തിട്ടാണ് ബാല്യത്തിന്റെ വര്‍ണങ്ങളില്‍നിന്ന് നുള്ളിയെടുക്കപ്പെടുന്നത്.

തോറ്റ കുട്ടി പുറത്തേക്കിറങ്ങി
തോട്ടു വെള്ളത്തില്‍ പുസ്തകം വിട്ടു
കാറ്റിലേക്കു കുടയും കൊടുത്തു.
തുണ്ടു പെന്‍സിലെറിഞ്ഞു കളഞ്ഞു
കണ്ട കാട്ടു വഴിയില്‍ നടന്നു... 

                  എന്ന് റഫീഖ് അഹമ്മദ് എഴുതിയത് ഈ കുട്ടികള്‍ക്ക് ബാധകമല്ല. അവര്‍ തോല്‍ക്കാത്ത കുട്ടികളാണ്. പുസ്തകം വിടാനുള്ള തോട്ടുവെള്ളമോ കുട കൊടുക്കാനുള്ള കാറ്റോ അവര്‍ക്കില്ല. എറിഞ്ഞു കളയാന്‍ തുണ്ടു പെന്‍സിലും നടന്നു പോകാന്‍ കാട്ടുവഴിയുമില്ല. കട്ടെടുക്കപ്പെട്ട കുട്ടികളാണ് ചുറ്റും. ആരൊക്കെയോ ചേര്‍ന്ന് മോഷ്ടിച്ചു കളഞ്ഞു, അവരുടെ ബാല്യം.

      ന്യൂ ജനറേഷനിലേക്കുള്ള കൈമാറ്റ വ്യവസ്ഥക്കിടെ ബാല്യത്തിന്റെ മധുരങ്ങള്‍ പലതും മാഞ്ഞു പോയി. തങ്ങള്‍ അനുഭവിച്ച കുട്ടിക്കാലത്തിന്റെ ഒരിറ്റു പോലും പുതിയ തലമുറക്ക് ആസ്വാദിക്കാനാവില്ലെന്ന് പരിതപിക്കുന്ന മുതിര്‍ന്നവര്‍ തന്നെയാണ് അവരുടെ കുട്ടിക്കാലത്തെയും അവധിക്കാലത്തെയും തച്ചുതകര്‍ക്കാനുള്ള പണിയെടുക്കുന്നത്.

കുട്ടശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റ്

                 ''സ്‌കൂള്‍ അടച്ചു. കുട്ടശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഇരട്ടകളായ ഇന്നൂസ് (സിദാനും, സിനാനും) ആണ് കമ്പനി ഡയറക്ടര്‍മാര്‍. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കൊണ്ട് 58 രൂപയുടെ കച്ചവടമാണ് നടന്നത്. വഴിയേ പോകുന്നവരെയെല്ലാം തടഞ്ഞ് നിര്‍ത്തിയാണ് കച്ചവടം പൊടി പൊടിക്കുന്നത്..!!

                    രണ്ടു ദിവസത്തിനകം മൂന്ന് പുതിയ ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് ഡയറക്ടര്‍മാരിലൊരാള്‍ അറിയിച്ചു. കടം വാങ്ങി മുങ്ങിയ മൂന്നാം ക്ലാസ്സുകാരന്‍ അജുവിനെ സ്‌കെച്ച് ചെയ്യാന്‍ കൊട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. യു.കെ.ജി. പഠനം പൂര്‍ത്തിയാക്കിയ കുഞ്ഞാവയും, ഷമ്മിയുമാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കച്ചവടത്തിന്റെ സാധ്യത ഉള്‍ക്കൊണ്ട് ലാലുവും, കുട്ടാപ്പുവും കൂടുതല്‍ പണം മുടക്കാന്‍ തയാറായിട്ടുണ്ട്. എന്നാല്‍ ചില്ലറ വില്‍പന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയില്ലാത്തതിനാല്‍ ബിനാമികളായി ലുലൂസും, വവ്വട്ടിയും രംഗത്തെത്താനാണ് സാധ്യത. അതിനിടെ അച്ചാര്‍ പേക്കറ്റ് കടം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇനിയും സ്‌കൂളില്‍ പോയി തുടങ്ങിയിട്ടില്ലാത്ത അഫൂസ് മണ്ണ് വാരിയെറിഞ്ഞ് ഓടിയത് അല്‍പ സമയം സംഘര്‍ഷത്തിനിടയാക്കി. ഇതില്‍ പ്രതിഷേധിച്ച് നാളെ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ സംയുക്ത സമര മുന്നണി ആഹ്വാനം ചെയ്തു''.

              വേനലവധിക്കാലത്ത് വഴിയരികില്‍ ഓലകള്‍ കുത്തിവെച്ച് പലകകളും തക്കാളിപ്പെട്ടിയും നിരത്തി മിഠായി കച്ചവടം നടത്തുന്ന കുട്ടിപ്പട്ടാളത്തെക്കുറിച്ച് സുബൈര്‍ കുട്ടശ്ശേരി ഫേസ്ബുക്കിലെഴുതിയ രസകരമായ കുറിപ്പാണിത്. അവധിക്കാലം വരുമ്പോഴുള്ള ഈ കാഴ്ചകള്‍ പതിയെപ്പതിയെ നമ്മുടെ ഗ്രാമങ്ങളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

                കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനും അവധിക്കാലം രസകരമാക്കാനും ജീവിതത്തിലേക്കുള്ള ചെറുപാഠങ്ങള്‍ പഠിക്കാനും ഇത്തരം സ്വാഭാവിക രീതികള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നു. പ്രകൃതിയില്‍നിന്നും പൂക്കളില്‍നിന്നും കളികളില്‍നിന്നും കിട്ടുന്ന അറിവുകളാണ് അവന്റെ അടിത്തറ നിശ്ചയിച്ചിരുന്നത്. പ്രകൃതിയുടെ കളിത്തൊട്ടിലില്‍നിന്നാണ് അവന്റെ സര്‍ഗവാസനകളും ജീവിത വിജയത്തിന്റെ വഴികളും തെളിഞ്ഞു വന്നത്. ഇതൊക്കെ കൃത്രിമമായി കുത്തിത്തിരുകിക്കൊടുത്താല്‍ മതി എന്നാണ് ഇപ്പോഴത്തെ മാതാപിതാക്കളുടെയും കാഴ്ചപ്പാട്. ജീവിതത്തിലേക്ക് ഉപയുക്തമാക്കാനുള്ള ഒരു കാര്യവുമില്ലാത്ത പാഠപുസ്തകങ്ങളുടെ ഭാരത്തില്‍നിന്ന് കിതപ്പാറ്റുന്ന നേരത്താണ് പുതിയ ഭാരങ്ങള്‍ നാം അവന്റെ തലയിലേക്ക് വെച്ചുകൊടുക്കുന്നത്.

            പ്രതികരിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ് ഈ കുട്ടികള്‍ എല്ലാം സഹിക്കുന്നത്. വീട്ടില്‍നിന്ന് വഴക്കു കേട്ടാല്‍ നാടുവിട്ടു പോകുന്ന പഴയ കാലത്തെ കുട്ടികളെപ്പോലെ എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ പോലും അവര്‍ക്ക് ധൈര്യമില്ല.

കുട്ടിക്കാലം കട്ടെടുക്കുന്നവര്‍


          വേനല്‍തുമ്പി, ശലഭക്കൂട്ടം, സാഹസിക പരിശീലനം, ഗവേഷണ പരിശീലനം, കരകൗശല പരിശീലനം, ധാര്‍മിക പാഠങ്ങള്‍, മത പഠന സംരംഭം തുടങ്ങി അവധിക്കാലമാകുമ്പോഴേക്കും കുട്ടികളെ പിടിക്കാനുള്ള പൂരം തുടങ്ങും. പല തരത്തിലുള്ള ഓമനപ്പേരിട്ടാണ് അവധിക്കാലം കട്ടെടുക്കാനുള്ള ആസൂത്രണങ്ങള്‍ നടക്കുന്നത്. ഈ ചതിപ്രയോഗത്തിന് അച്ഛനും അമ്മയും ഉള്‍പ്പെടെ എല്ലാവരും കൂട്ടുനില്‍ക്കുന്നു. കളിച്ചും ചിരിച്ചും അവരുടെ കുട്ടിക്കാലം ആഘോഷമാക്കിയ അതേ അച്ഛനും അമ്മയും. കളിച്ചു കഴിയേണ്ട കുട്ടികളെ എവിടെയെങ്കിലും പിടിച്ചിരുത്തി നന്നാക്കാനാണത്രേ ഈ പെടാപ്പാട്. അവധിക്കാലം പ്രഖ്യാപിച്ചാല്‍ പിറ്റേന്നു തന്നെ നാട്ടിലെങ്ങും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. നൃത്തം, ചിത്രകല, കരാട്ടെ, അബാക്കസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, കുങ്ഫു, മാജിക്ക്, മതഗ്രന്ഥങ്ങളുടെ പഠനം എന്നിങ്ങനെ കോഴ്‌സുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. കുട്ടികളുടെ ശല്യം ഒഴിവാക്കാനാണെന്നു പറഞ്ഞ് അവരെ എവിടെയെങ്കിലും ചേര്‍ത്തി സമാധാനിക്കുകയാണ് രക്ഷിതാക്കള്‍. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കു മേലുള്ള കയ്യേറ്റമാണ് അവര്‍ നടത്തുന്നത്. അവധിക്കാലം കളിച്ചു നടക്കാനുള്ളതു തന്നെയാണെന്നും ഇമ്മാതിരി കോഴ്‌സുകള്‍ക്കു പോയി നഷ്ടപ്പെടുത്താനുള്ളതല്ലെന്നും പറഞ്ഞ് തങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ പിഞ്ചു ബാല്യങ്ങള്‍ക്ക് സംഘടനകളൊന്നുമില്ല.

നിങ്ങള്‍ക്കു കളിക്കണ്ടേ..

           പ്രിയപ്പെട്ട കുട്ടികളേ, നിങ്ങള്‍ക്കു കളിക്കണ്ടേ..? കുറെ കഴിഞ്ഞ് വലുതാകുമ്പോള്‍ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ എന്തെങ്കിലും വേണ്ടേ..? കുറെ കാര്‍ട്ടൂണ്‍ കണ്ടു. കുറെ ഗെയിം കളിച്ചു. അതു മതിയോ നിങ്ങള്‍ക്ക്. കൂട്ടുകാരോടൊപ്പം കളിച്ചതിന്റെ നല്ല ഓര്‍മകള്‍ വേണമെങ്കില്‍ ഇനി ഒരു നിമിഷം പാഴാക്കല്ലേ.. കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വലിച്ചെറിഞ്ഞ്, ചാനലുകളിലെ കോമാളിത്തരങ്ങള്‍ കാണാനിരിക്കാതെ പുറത്തേക്കിറങ്ങൂ. കൂട്ടുകാരോടൊപ്പം കളിച്ചു തിമര്‍ക്കൂ.

          കുട്ടികളുടെ നല്ല മാനസിക- ശാരീരിക ആരോഗ്യത്തിന് കളികള്‍ അനിവാര്യമാണ്. കാര്‍ട്ടൂണ്‍ കണ്ടാലോ ഗെയിം കളിച്ചാലോ അതു കിട്ടില്ല. അടുത്ത സ്‌കൂള്‍ കാലത്തേക്ക് പഠിക്കാനുള്ള ഊര്‍ജ്ജം കിട്ടേണ്ടത് ഈ അവധിക്കാലത്താണ്. അതിനു പറ്റിയ കളികള്‍ കണ്ടെത്തണം. കുപ്പായത്തില്‍ ചെളി പുരണ്ട് കളിക്കണം. ചിലപ്പോള്‍ കൈയും കാലുമൊക്കെ ഉരഞ്ഞ് ചോര വന്നേക്കാം. അപ്പോള്‍ നിങ്ങള്‍ വേദന എന്താണെന്നറിയും. അപ്പോള്‍ നിങ്ങള്‍ ആരെയും വേദനിപ്പിക്കാതിരിക്കാനും പഠിക്കും. നാളെ ജീവിക്കാന്‍ നമുക്ക് ബുദ്ധി മാത്രം പോര. വിവേകവും വികാരവും തിരിച്ചറിവുമൊക്കെ വേണം. വീട്ടില്‍ ചടഞ്ഞു കൂടിയിരുന്നാല്‍ ഇതൊന്നും കിട്ടില്ല. സാമൂഹിക ജീവിതത്തിലേക്ക് ഊളിയിടണമെങ്കില്‍ നല്ല നല്ല കൂട്ടായ്മയുള്ള കളികളില്‍ ഏര്‍പ്പെടണം. കൂടുതല്‍ കൂട്ടുകാരുള്ളവന് ജീവിതത്തില്‍ കൂടുതല്‍ നന്നാവാന്‍ അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ എല്ലാം നല്ല കൂട്ടുകാര്‍ തന്നെയാവണം. ചീത്തയായി എന്തെങ്കിലും കണ്ടാല്‍ അതില്‍നിന്ന് പുറംതിരിഞ്ഞു നില്‍ക്കണം. ആ കൂട്ടുകാരനെ നഷ്ടപ്പെടുത്താതെ തന്നെ അവനെ നന്മയിലേക്ക് കൂട്ടാനാവണം.

                കളികളില്‍നിന്ന് കുട്ടികള്‍ക്ക് ഏറെ കിട്ടാനുണ്ട്. അവരുടെ ബന്ധങ്ങള്‍ വികസിക്കാനും ഉത്തരവാദിത്ത ബോധം വളരാനും കളികള്‍ ഉപകരിക്കും. ചിന്തിക്കാനുള്ള ശേഷി അവരില്‍ വര്‍ധിക്കും. ഇടപെടാനുള്ള കഴിവും, നേതൃപാടവവും ഭാവനാ വികാസവും സ്വഭാവ രൂപീകരണവും ഈ കൂട്ടായ്മകളിലൂടെയാണ് കിട്ടുക. കഴിവുകള്‍ കണ്ടെത്താനുള്ള അവസരം കൂടിയാണ് കളികള്‍. മാതാപിതാക്കളുടെ വഴിക്ക് കുട്ടികളെ വളര്‍ത്താന്‍ നോക്കിയാല്‍ അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്താനാവില്ല. അച്ഛനും അമ്മയും ഞെക്കിപ്പഴുപ്പിച്ചവരുടെ ജീവിതം വലിയ പരാജയം തന്നെയായിരിക്കും.

അമ്മവീട്ടിലേക്കുള്ള വഴികള്‍

                 അമ്മവീട്ടിലേക്കുള്ള വിരുന്നു പോക്കുകളാണ് പലരുടെയും അവധിക്കാല ഓര്‍മകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്. 'സ്‌കൂള്‍ പൂട്ടിയിട്ടു വേണം ഇമ്മാന്റെ വീട്ടിലേക്ക് കുറെ ദിവസത്തേക്ക് വിരുന്ന് പോകാന്‍' എന്നു പറയുന്ന കുട്ടികള്‍ ധാരാളം. അവിടെച്ചെന്നാല്‍ പൂത്ത മാവിലേക്ക് വലിഞ്ഞു കേറാം. പുളിയുറുമ്പ് കടിച്ചാലും പച്ച മാങ്ങ പറിച്ചിടാം. ഉപ്പും മുളകും കൂട്ടി കടിച്ചു തിന്നാം. ചൂണ്ടയുമായി പുഴയിലേക്ക് മീന്‍ പിടിക്കാന്‍ പോകാം. തോര്‍ത്തുമുണ്ടില്‍ മീന്‍ കുഞ്ഞുങ്ങളെ കോരിയെടുക്കാം. പ്ലാസ്റ്റിക് കവറില്‍ പരല്‍ മീനുകളെയിട്ട് അക്വാറിയമുണ്ടാക്കാം. കുട്ടിയും കോലും കളിക്കാം. കണ്ണുപൊത്തിക്കളിക്കാം. കൊത്തക്കല്ലു കളിക്കാം. പമ്പരം കറക്കാം. വേനല്‍മഴ വരിയൊലിച്ചു വരുമ്പോള്‍ കടലാസു തോണിയുണ്ടാക്കാം. മുറ്റത്തെ മാവിന്‍ കൊമ്പില്‍ ഊഞ്ഞാലു കെട്ടാം. നാരങ്ങാ മിഠായിയും കമ്പര്‍ക്കട്ടും ജോക്കറും പാലൈസും കടല മിഠായിയും വാങ്ങിത്തിന്നാം. മണ്ണപ്പം ചുട്ടുകളിക്കാം. ഓലപ്പന്തു കൊണ്ട് എറിഞ്ഞു കളിക്കാം. കിളിത്തട്ടില്‍ മണ്ടിപ്പായാം.

കുട്ടിക്കാലത്ത് കളിക്കാന്‍ പറ്റാതെ തോറ്റു പോയ കുട്ടികളോട് ഈ കഥകളൊക്കെ പറഞ്ഞിട്ടെന്തു കാര്യം.

തോറ്റ കുട്ടിയെ തോളത്തു വച്ചു
പൂത്തു നിന്നു മരതകക്കുന്ന്
തോല്‍ക്കുകില്ല നീയെന്നേ പറഞ്ഞു
കാത്തു നില്‍ക്കുന്നൊരമ്പിളിത്തെല്ല്...

                                                   - ഷെരീഫ് സാഗര്‍
                                                                                         കടപ്പാട് :  ചന്ദ്രിക


Read also

Comments