New Posts

PLUS ONE ADMISSION 2015


PLUS ONE ADMISSION 2015 



                 പ്ളസ് വണ്‍ ഏകജാലക  പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം 12ന് തുടങ്ങും. 25 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രീതിക്ക് പുറമെ അച്ചടിച്ച അപേക്ഷകള്‍ പൂരിപ്പിച്ചും സമര്‍പ്പിക്കാം. 12 മുതല്‍ അപേക്ഷ വിതരണം ചെയ്യും. ജൂണ്‍ മൂന്നിനായിരിക്കും ട്രയല്‍ അലോട്ട്മെന്‍റ്.ജൂണ്‍ 10ന് ആദ്യ അലോട്ട്മെന്‍റ് നടക്കും. രണ്ട് അലോട്ട്മെന്‍റുകള്‍ അടങ്ങിയ മുഖ്യ അലോട്ട്മെന്‍റുകള്‍ ജൂണ്‍ 25ന് അവസാനിക്കും. ജൂലൈ ഒന്നിന് ക്ളാസുകള്‍ തുടങ്ങും. ജൂലൈ 31ന് പ്രവേശം അവസാനിപ്പിക്കും.  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവെച്ചശേഷം അനുബന്ധ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വെരിഫിക്കേഷനു സമര്‍പ്പിക്കണം. ജില്ലക്കുള്ളിലെ സ്കൂളുകളില്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ജില്ലയിലെ ഏതെങ്കിലും ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനായി രേഖകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍നിന്ന് വെരിഫിക്കേഷന്‍ നടത്തിയാല്‍ മാത്രമേ അലോട്ട്മെന്‍റിനായി പരിഗണിക്കൂ.

ട്രയല്‍ അലോട്ട്മെന്‍റ്
അപേക്ഷകര്‍ക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനായി ആദ്യ അലോട്ട്മെന്‍റിന് മുമ്പായി ട്രയല്‍ അലോട്ട്മെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാ വിവരങ്ങളില്‍ തെറ്റുകള്‍ ശേഷിക്കുന്നുണ്ടെങ്കില്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കാം. തെരഞ്ഞെടുത്ത സ്കൂളുകളും സബ്ജക്ട് കോമ്പിനേഷനുകളും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഈ ഘട്ടത്തിലും അനുവദിക്കും. തിരുത്താനുള്ള അപേക്ഷ കൈപ്പറ്റിയതിന്‍െറ രസീത് ഈ ഘട്ടത്തിലും അപേക്ഷകന് നല്‍കും.
മുഖ്യ അലോട്ട്മെന്‍റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തും. മുഖ്യ അലോട്ട്മെന്‍റുകള്‍ കഴിയുന്നതോടെ ഒന്നാം അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശത്തില്‍ തുടരുന്നവര്‍ പ്രവേശം സ്ഥിരപ്പെടുത്തണം. എന്നാല്‍, മുഖ്യ അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും കൂടുതല്‍ ഇഷ്ടപ്പെട്ട സ്കൂളും കോമ്പിനേഷനും ലഭിക്കാത്തവര്‍ക്ക് സ്കൂള്‍മാറ്റത്തിനോ സ്കൂളിനുള്ളില്‍തന്നെ കോമ്പിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കാം. ഏകജാലക രീതിയില്‍ പ്രവേശം നേടിയവര്‍ക്കുമാത്രം ഒഴിവുള്ളപക്ഷം മെറിറ്റ് അടിസ്ഥാനത്തില്‍ ഈ മാറ്റങ്ങള്‍ അനുവദിക്കും. നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്കും സ്കൂള്‍/കോമ്പിനേഷന്‍ മാറ്റങ്ങള്‍ വഴിയുണ്ടാകുന്ന ഒഴിവുകളിലേക്കും മാത്രമായിരിക്കും മാറ്റങ്ങള്‍ അനുവദിക്കുക.
മുഖ്യ അലോട്ട്മെന്‍റില്‍ പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍/കോമ്പിനേഷന്‍ മാറ്റം അനുവദിച്ചശേഷം മാത്രമായിരിക്കും സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തുക. സപ്ളിമെന്‍ററി അലോട്ട്മെന്‍റിനുമുമ്പ് സീറ്റൊഴിവ് വിവരം പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. അപേക്ഷ നല്‍കിയിട്ടും മുഖ്യ അലോട്ട്മെന്‍റുകളില്‍ ഒന്നിലും ഇടംനേടാന്‍ കഴിയാത്തവര്‍ സപ്ളിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിക്കാനായി നിലവിലുള്ള അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതിനൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റി നല്‍കാം. അപേക്ഷ പുതുക്കാത്തവരെ സപ്ളിമെന്‍ററി അലോട്ട്മെന്‍റ് വഴിയുള്ള പ്രവേശത്തിന് പരിഗണിക്കില്ല.

സ്ഥിരം/താല്‍ക്കാലിക പ്രവേശം

ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് നല്‍കി സ്കൂളില്‍ നിശ്ചിത സമയത്തിനകം സ്ഥിരം പ്രവേശം നേടണം. ഫീസ് അടച്ചില്ളെങ്കില്‍ സീറ്റ്ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പ്രവേശത്തിന് അവസരമുണ്ടാകില്ല. താഴ്ന്ന ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുകയും തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ ഉയര്‍ന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശം നേടിയാല്‍ മതിയാകും. ഹയര്‍സെക്കന്‍ഡറി പ്രവേശയോഗ്യതകള്‍ സ്കൂള്‍ പ്രന്‍സിപ്പലിനെ ഏല്‍പിച്ചാല്‍ താല്‍ക്കാലിക പ്രവേശം ലഭിക്കും. താല്‍ക്കാലിക പ്രവേശത്തിന് ഫീസ് അടക്കേണ്ടതില്ല.
മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിക്കുന്ന മുറക്ക് താല്‍ക്കാലിക പ്രവേശം നേടിയ സ്കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പുതിയ സ്കൂളില്‍ സമര്‍പ്പിച്ച് പ്രവേശം നേടാവുന്നതാണ്. മുഖ്യ അലോട്ട്മെന്‍റ് കഴിയുന്നതുവരെ താല്‍ക്കാലിക പ്രവേശത്തില്‍ തുടരാം. താഴ്ന്ന ഓപ്ഷനില്‍ പ്രവേശം ലഭിച്ചശേഷം ലഭിച്ച പ്രവേശം സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കി ഫീസടച്ച് സ്ഥിരം പ്രവേശം നേടാം. ഉയര്‍ന്ന ഓപ്ഷന്‍ റദ്ദ് ചെയ്യാത്ത കുട്ടികള്‍ തുടര്‍ന്ന് വരുന്ന അലോട്ട്മെന്‍റുകളില്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചാല്‍ നിര്‍ബന്ധമായും പുതിയ അലോട്ട്മെന്‍റിലേക്ക് മാറണം. സ്ഥിരം പ്രവേശത്തിനും താല്‍ക്കാലിക പ്രവേശത്തിനും അസ്സല്‍ രേഖകള്‍ ഹാജരാക്കണം.

ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷിക്കാന്‍

ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷിച്ചവര്‍ക്ക് അപേക്ഷിച്ച ജില്ലകളിലെല്ലാം ഒരേസമയം അലോട്ട്മെന്‍റ് ലഭിച്ചാല്‍ അവര്‍ ഏതെങ്കിലും ഒരു ജില്ലയില്‍ പ്രവേശം നേടേണ്ടതും അതോടെ മറ്റു ജില്ലകളിലെ ഓപ്ഷനുകള്‍ റദ്ദാകുന്നതുമാണ്. പ്രവേശം നേടിയ ജില്ലയില്‍ ആവശ്യമെങ്കില്‍ താല്‍ക്കാലിക പ്രവേശത്തില്‍ തുടര്‍ന്ന് അതേ ജില്ലയിലെ മെച്ചപ്പെട്ട ഓപ്ഷനുകള്‍ക്കായി കാത്തിരിക്കാം. ആദ്യം ഒരു ജില്ലയില്‍ മാത്രം അലോട്ട്മെന്‍റ് ലഭിക്കുകയും അതനുസരിച്ച് പ്രവേശം നേടിയശേഷം തുടര്‍ന്നുള്ള അലോട്ട്മെന്‍റില്‍ മറ്റൊരു ജില്ലയില്‍ പുതുതായി അലോട്ട്മെന്‍റ് ലഭിച്ചാല്‍ പുതിയ അലോട്ട്മെന്‍റ് സ്വീകരിക്കാവുന്നതാണ്. തുടര്‍ന്ന് പുതുതായി പ്രവേശം നേടിയ ജില്ലയിലെ ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാത്രമേ ഈ വിദ്യാര്‍ഥികള്‍ക്ക് മാറാന്‍ കഴിയൂ. ആദ്യ ജില്ലയിലെ ഓപ്ഷനുകള്‍ റദ്ദാകും.


Read also

Comments