New Posts

അവധിക്കാലത്തും വേണം ആഹാരത്തില്‍ ശ്രദ്ധ




പാചകത്തിലെ പുതുമകളിലൂടെ ഈ അവധിക്കാലം കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അമ്മയ്‌ക്കു കഴിയണം. ഒട്ടും ടെന്‍ഷനില്ലാതെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കാനുള്ള വഴികള്‍. കളിയും കലപിലമേളവും ഒക്കെയായി വീണ്ടും അവധിക്കാലം എത്തുകയാണ്‌. അമ്മമാരുടെ മനസില്‍ ആധി നിറയുന്ന സമയം. വീടിനുള്ളിലെ ഇത്തിരിവട്ടത്തില്‍ അവധിക്കാല രസങ്ങള്‍ ആഘോഷിക്കുന്നവരാണ്‌ ഇന്നത്തെ കുട്ടികള്‍. ഭക്ഷണരീതിയിലും വലിയ പുതുമകളൊന്നുമില്ലാതെ കടന്നു പോകുന്ന അവധിക്കാലം. വ്യത്യസ്‌തതയുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്നതിലല്ല അത്‌ എത്ര മാത്രം ആരോഗ്യപ്രദമാക്കാം എന്നാണ്‌ അമ്മമാര്‍ ചിന്തിക്കേണ്ടത്‌.

എന്തു കൊടുക്കും? അവരെ എങ്ങനെ ഭക്ഷണം കഴിപ്പിക്കും? എങ്ങനെ തൃപ്‌തരാക്കും? രണ്ടു കുട്ടികളുള്ള വീട്ടില്‍ നാലു ചോയ്‌സാണു ഭക്ഷണകാര്യത്തില്‍. ഇതിനിടയില്‍പ്പെട്ടു വീര്‍പ്പുമുട്ടുന്നവരാണു മിക്കവാറും അമ്മമാര്‍. എന്നാല്‍ പാചകത്തിലെ പുതുമകളിലൂടെ ഈ അവധിക്കാലം കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ അമ്മയ്‌ക്കു കഴിയണം. ഒട്ടും ടെന്‍ഷനില്ലാതെ കുട്ടികള്‍ക്കായി ഭക്ഷണമൊരുക്കാം.

പ്രാതല്‍ മെനുവിലെ പുതുമകള്‍

നാട്ടിന്‍പുറത്ത്‌ കൂട്ടുകാരുമൊത്തുചേര്‍ന്ന്‌ ആര്‍ത്തുല്ലസിച്ചു നടന്നഒരു അവധിക്കാലമുണ്ടായിരുന്നു നമുക്ക്‌. കൂട്ടുകുടുംബ വ്യവസ്‌ഥിതിയും കാര്‍ഷിക പാരമ്പര്യവും നിലനിന്നിരുന്ന അക്കാലത്തെ പ്രാതലിന്റെ മെനു ആസ്വാദ്യകരവും ആരോഗ്യദായകവുമായിരുന്നു. നെയ്യിട്ടതോ തേങ്ങാപ്പാല്‍ ഒഴിച്ചതോ ആയ കഞ്ഞി, കപ്പ പുഴുങ്ങിയത്‌. അല്‍പം കൂടി സൗകര്യമുള്ള വീട്ടിലാണെങ്കില്‍ ദോശ, ഇഡ്‌ഡലി, പുട്ടും കടലയും രാസവളം ചേര്‍ക്കാതെ കൃഷി ചെയ്‌ത വാഴപ്പഴം, വീട്ടില്‍ വളര്‍ത്തുന്ന നാടന്‍കോഴിയുടെ മുട്ട, ശുദ്ധമായ പശുവിന്‍ പാലൊഴിച്ച ചായ ഇതൊക്കെയായിരുന്നു അന്നത്തെ കുട്ടികളുടെ പ്രാതല്‍.

ഉച്ചയ്‌ക്കാകട്ടെ ആവി പറക്കുന്ന ചോറോ കഞ്ഞിയോ. ഒപ്പം കൊതിയൂറുന്ന നാടന്‍ വിഭവങ്ങളും. ഫാസ്‌റ്റ്ഫുഡ്‌, ബര്‍ത്ത്‌ഡേ പാര്‍ട്ടി എന്നിവയൊന്നും അന്നത്തെ കുട്ടികള്‍ കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. മാര്‍ക്കറ്റില്‍ ലഭ്യമായ ഒരു ഹെല്‍ത്ത്‌ ഡ്രിങ്കിന്റെയും പിന്‍ബലമില്ലാതെതന്നെ അവര്‍ ഇന്നത്തെ അണുകുടുംബങ്ങളിലെ ഒറ്റക്കുട്ടിയേക്കാള്‍ ആരോഗ്യവാന്മാരായിരുന്നു.

ഇന്ന്‌ കുട്ടികളുടെ ജീവിതരീതിയും ഭക്ഷണരീതികളുമെല്ലാം പാടെ മാറി. ടെലിവിഷനും കംപ്യൂട്ടറിനും മുമ്പില്‍ ചോദ്യചിഹ്നം പോലെ വളഞ്ഞ്‌ മുഖത്തു സോഡാക്കുപ്പി കണ്ണടയും വച്ച കുട്ടികള്‍ ഇന്ന്‌ പതിവു കാഴ്‌ചയാണ്‌.

പ്രാതല്‍ ഉപേക്ഷിച്ചാല്‍

വളര്‍ച്ചയുടെ കാലഘട്ടമാണു കുട്ടികളുടേത്‌. അതോടൊപ്പം അവധിക്കാല കളികളും കൂടിയാകുമ്പോള്‍ ഭക്ഷണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ദൈനംദിനാവശ്യങ്ങള്‍ക്കുള്ള ഊര്‍ജസമ്പാദനത്തിനു വേണ്ട അന്നജവും വളര്‍ച്ചയ്‌ക്കും വികാസത്തിനും വേണ്ട പ്രോട്ടീനും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സന്തുലനത്തിനും വേണ്ട ജീവകങ്ങളും ധാതുലവണങ്ങളും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു.

പ്രാതലിന്റെ കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്‌. പ്രഭാതഭക്ഷണം ഉപേക്ഷിക്കുകയോ ശരിയായ രീതിയില്‍ കഴിക്കാതിരിക്കുകയോ ചെയ്യുന്ന കുട്ടികള്‍ അക്കാദമിക്‌ നിലവാരത്തില്‍ പിന്നിലാവുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. അതിനാല്‍ കുട്ടികളുടെ പ്രാതലിന്റെ കാര്യത്തില്‍ അമ്മമാര്‍ ഏറെ ശ്രദ്ധിക്കണം.

അമ്മ ഓര്‍ത്തിരിക്കാന്‍

ഒരേ ഭക്ഷണം പതിവായി കഴിക്കുന്നത്‌ പൊതുവേ കുട്ടികള്‍ക്ക്‌ താല്‍പര്യമുള്ള കാര്യമല്ല. അവര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന ആഹാര സാധനങ്ങള്‍ക്കുവേണ്ടി ബഹളം വയ്‌ക്കുകയും ചെയ്യും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌, അവര്‍ ഇഷ്‌ടപ്പെടുന്ന രുചികളില്‍ തയാറാക്കാവുന്ന, പോഷകഗുണം നിറഞ്ഞ പാചകം പരീക്ഷിക്കാം.


                                                                                     കടപ്പാട് : മംഗളം




Read also

Comments