New Posts

നൂറുമേനിയുടെ റിസൽട്ടിനായി.....കൊല്ലണമായിരുന്നോ... ?


HEARTY CONDOLENCE TO NISLA



 

                   "പത്താംക്സാസിലേക്ക് വാങ്ങിയ പാഠപുസ്തകങ്ങൾ സ്റ്റൂളിന് മുകളിൽവച്ച് അതിൽ ചവിട്ടിയാണ് എന്റെ മോള്  ജീവിതം അവസാനിപ്പിച്ചത്..... തോൽപ്പിക്കരുതെന്ന് പറഞ്ഞ്  ഹെഡ്മാഷോടും ടീച്ചർമാരോടും ഒരുപാട് കെഞ്ചിയിരുന്നു...... എല്ലാരും കൂടി അവളെ ഇവിടെ നിന്ന് പറഞ്ഞയച്ചു......"

         എസ്.എസ്.എൽ.സിയിൽ നൂറുമേനി ഉറപ്പിക്കാൻ അരീക്കോട് ഓറിയന്റൽ സ്കൂൾ അധികൃതർ  ഒമ്പതാം ക്ലാസിൽ രണ്ടുതവണ തോൽപ്പിച്ചതിൽ മനംനൊന്ത്  ആത്മഹത്യ ചെയ്ത നിസ്‌ലയുടെ ഉമ്മയുടെ വാക്കുകളാണിവ!
എസ്.എസ്.എൽ.സിയിൽ നൂറുമേനി ഉറപ്പിക്കാൻ അരീക്കോട് ഓറിയന്റൽ സ്കൂൾ അധികൃതർ ഒമ്പതാം ക്ലാസിൽ രണ്ടുതവണ തോൽപ്പിച്ചതിൽ മനംനൊന്താണ് പതിനഞ്ചുകാരി നിസ്‌ല ആത്മഹത്യ ചെയ്തത്. റിസൽട്ടറിയാൻ വെള്ളിയാഴ്ച രാവിലെ എട്ടിന് സന്തോഷത്തോടെ വീട്ടിൽ നിന്ന് നാലുകിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് ചെന്ന നിസ് ല തിരിച്ചെത്തിയത് ജീവിതം അവസാനിപ്പിക്കാനായിരുന്നു.

        പത്താംതരത്തിലേക്ക് ജയിച്ചവരുടെ ലിസ്റ്റിൽ തന്റെ പേരില്ലാതിരുന്നപ്പോൾ ഹെഡ്മാസ്റ്ററുടെ കാലുപിടിച്ചു. വീട്ടുകാരോട് കല്യാണം കഴിപ്പിച്ചുതരാൻ പറയൂ എന്നായിരുന്നു മറുപടിയെന്ന് സഹപാഠികൾ ഓർക്കുന്നു. അദ്ധ്യാപകരോടും ഏറെ നേരം അപേക്ഷിച്ചു. വാതിലുകളെല്ലാം കൊട്ടിയടച്ചതോടെ പ്രതീക്ഷയറ്റ് ഉച്ചയോടെ അവൾ വീട്ടിലെത്തി. ബാപ്പയുടെ അനാരോഗ്യം മൂലം നിത്യവൃത്തിക്ക് കൂലിപ്പണിക്കുപോയ ഉമ്മയെയാണ് അവസാന യാത്രപറയാൻ വിളിച്ചത്.
ഉമ്മച്ചീ,​ എന്നെ പിന്നെയും തോൽപ്പിച്ചു, നെഞ്ചുകലങ്ങുന്ന ഉച്ചത്തിൽ അവൾ കരഞ്ഞു. സാരമില്ല, നമുക്ക് വേറെ സ്കൂളിൽ ചേ‌ർന്നു പഠിക്കാമെന്ന് സമാധാനിപ്പിച്ചിട്ടും കരച്ചിലടങ്ങിയില്ല.

        കഴിഞ്ഞ തവണ പരീക്ഷയിൽ അവൾ അൽപ്പം ഉഴപ്പിയിരുന്നു. ഇത്തവണ ജയിക്കണമെന്ന വാശിയായിരുന്നു. രാത്രി ടി.വി പോലും കാണാറില്ല. രാവിലെ നേരത്തെ എണീറ്റുപഠിക്കും. ജയിക്കുമെന്ന് അവൾക്ക് നല്ല ഉറപ്പായിരുന്നു. അയൽവാസിയിൽ നിന്ന് പത്താം ക്സാസിലേക്കുള്ള പഴയ പാഠപുസ്തകങ്ങൾ വാങ്ങി. ഒരു മാസമായി പത്താം ക്ലാസിലേക്കുള്ള ട്യൂഷന് പോവുന്നുണ്ട്. 2000 രൂപയാണ് ഫീസ് നൽകിയത്. പഠനത്തിൽ പിറകിലുള്ള കുട്ടിയെന്ന് കളിയാക്കിയവർ റിസൽട്ടു വരുന്നതോടെ ഞെട്ടണമെന്ന് അവൾ പറയാറുണ്ടായിരുന്നു. പത്താംക്ലാസിലേക്ക് കൂടുതൽ എ പ്ലസ് നേടുന്നവർ മാത്രം മതിയെന്ന സ്കൂൾ അധികൃതരുടെ മനോഭാവമാണ് അവളെ തോൽപ്പിച്ചത്
വീട്ടിലേക്ക് വരുംവഴി കണ്ട സഹപാഠികളോടെല്ലാം ജയിച്ചെന്നാണ് പറഞ്ഞത്. വീണ്ടും തോറ്റെന്നത് ഉൾക്കൊള്ളാൻ അവൾക്കായില്ല.
                   സമൂഹ മനസ്സാക്ഷിക്ക്  മുന്നിൽ ഒരായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട്  അവൾ യാത്രയായി . അവൾ ഒരിക്കലും മരിക്കുന്നില്ല . ഈ ഹീനകൃത്യത്തിലേക്ക്  നയിച്ച സാഹചര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത്  തന്നെയാണ്  അല്ലായെങ്കിൽ.... 
ഇവ വീണ്ടും ആവർത്തിച്ചേക്കാം !





   വാൽക്കഷണം :
മലപ്പുറം ജില്ലയിലെ അരീക്കോട് എസ്സ്. ഒ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സ്‌കൂളില്‍ ഇക്കൊല്ലം ഒന്‍പതാം ക്ലാസ്സില്‍ പരാജയപ്പെട്ട എല്ലാ കുട്ടികളുടെയും ഉത്തരക്കടലാസുകളും അനുബന്ധരേഖകളും സഹിതം മെയ് 15ന് രാവിലെ 10.30 ന് കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഹെഡ്മാസ്റ്റര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചത്. സംഭവത്തില്‍ മെയ് 15നുമുന്‍പ് വിശദീകരണം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററോടും ആവശ്യപ്പെട്ടിട്ടുണ്ട്. പത്താം ക്ലാസ്സില്‍ 100 ശതമാനം വിജയം ഉറപ്പാക്കുന്നതിനായി ഒന്‍പതാം ക്ലാസ്സില്‍ കുട്ടികളെ തോല്‍പിക്കുന്ന പ്രവണതയെക്കുറിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെങ്കിലും മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അതും ഹാജരാക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 




കടപ്പാട് : കേരള കൌമുദി 









Read also

Comments